റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ച് കേന്ദ്രസർക്കാർ
അഡ്മിൻ
അന്തർദേശീയ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ച് കേന്ദ്രസർക്കാർ. കാരണം വ്യക്തമാക്കാതെയുള്ള കേന്ദ്രസർക്കാറിന്റെ ദുരൂഹമായ ഈ നീക്കം വ്യാപക ആശങ്കക്ക് വഴിവെച്ചു. നിയമപരമായ കാരണത്താൽ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടിന്റെ പ്രവർത്തനം ഇന്ത്യയിൽ നിർത്തിവെക്കുന്നു എന്നാണ് ഇതുസംബന്ധിച്ച് ലഭിക്കുന്ന സന്ദേശം. ശനിയാഴ്ച അർധ രാത്രിയോടെയാണ് റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും നൽകിയിരുന്നില്ല.
നിയമപരമായ കാരണത്താൽ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു എന്ന ഉത്തരമാണ് സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്നത്. റോയിട്ടേഴ്സോ എക്സോ കേന്ദ്ര സർക്കാരോ നടപടിയിൽ വ്യക്തത വരുത്തുകയും ചെയ്തിട്ടില്ല. 200 ലേറെ സ്ഥലങ്ങളിലായി 2,600 മാധ്യമ പ്രവർത്തകരാണ് റോയിട്ടേഴ്സിനായി ജോലി ചെയ്യുന്നത്. അതേസമയം, റോയിട്ടേഴ്സ് ടെക് ന്യൂസ്, റോയിട്ടേഴ്സ് ഫാക്ട് ചെക്ക്, റോയിട്ടേഴ്സ് പിക്ചേഴ്സ്, റോയിട്ടേഴ്സ് ഏഷ്യ, റോയിട്ടേഴ്സ് ചൈന തുടങ്ങിയ മറ്റ് റോയിട്ടേഴ്സ് എക്സ് അക്കൗണ്ടുകളുടെ പ്രവർത്തനം സാധാരണപോലെ രാജ്യത്ത് നടക്കുന്നുമുണ്ട്.
കോടതി ഉത്തരവുകൾ, ചില പ്രദേശങ്ങളിലെ നിയമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സാധുവായ അപേക്ഷകൾ ലഭിച്ചാൽ നിർദിഷ്ട രാജ്യങ്ങളിലെ അക്കൗണ്ടുകളോ പോസ്റ്റുകളോ തടഞ്ഞുവെക്കാവുന്നതാണ് എന്നതാണ് ഇതു സംബന്ധിച്ച് എക്സ് ഉള്ളടക്കത്തിൽ പറയുന്നത്.