ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ ആര്‍ജെഡി സുപ്രീം കോടതിയിലേക്ക്
അഡ്മിൻ
ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരിക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിനെതിരെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സുപ്രീം കോടതിയെ സമീപിച്ചു. പാര്‍ട്ടിയുടെ രാജ്യസഭാ എംപി മനോജ് ഝായാണ് എസ്ഐആറിനെതിരേ കോടതിയെ സമീപിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ആര്‍ജെഡിക്കു വേണ്ടി ഹാജരാകും.
അനര്‍ഹരെ പട്ടികയില്‍നിന്ന് ഒഴിവാക്കാനാണ് സമഗ്ര പരിഷ്കരണമെന്നാണ് കമ്മിഷന്റെ വാദം. എന്നാല്‍, സംസ്ഥാനത്തെ പാവപ്പെട്ടവരെയും പാര്‍ശ്വവത്കൃതരെയും പട്ടികയില്‍നിന്ന് പുറന്തള്ളാനുള്ള നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കൊല്ലം അവസാനമാണ് സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.
ജൂണ്‍ 24-നാണ് പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്കരിക്കല്‍ പ്രക്രിയ തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചത്. ഇതിനുമുന്‍പ് 2003-ലാണ് സമഗ്രപരിഷ്കരണം വന്നത്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലായ് 25-നകം എന്യുമറേഷന് അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നാണ് കമ്മിഷന് നിര്‍ദേശം. ഓഗസ്റ്റ് ഒന്നിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.