നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ , സൈബര്‍ പൊലീസിന് കൈമാറും: മന്ത്രി വീണാ ജോർജ്
അഡ്മിൻ
നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് സൈബര്‍ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേര്‍ മലപ്പുറത്ത് സമ്പര്‍ക്ക പട്ടികയിലും 461 പേര്‍ ആകെ സമ്പര്‍ക്ക പട്ടികയിലും ഉണ്ടെന്ന് വീണ ജോര്‍ജ് പറഞ്ഞു. 27 പേര്‍ ഹൈറിസ്‌ക്കിലാണ്. അഞ്ചു ജില്ലകളിലായി ഇതുവരെ പരിശോധിച്ച 46 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അതെസമയം, നിപ വൈറസ് ബാധക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രാജാറാം അറിയിച്ചു. നിലവില്‍ കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ഡിഎംഒ അറിയിച്ചു. പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങള്‍, വിസര്‍ജ്യം എന്നിവയുമായി സമ്പര്‍ക്കം ഉണ്ടായാല്‍ സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകണം.
കൂടാതെ നിലത്തുവീണുകിടക്കുന്നതോ പക്ഷികളും മൃഗങ്ങളും കടിച്ചിട്ടുള്ളതോ ആയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുത്, താഴെ വീണുകിടക്കുന്ന പഴങ്ങള്‍ കഴിക്കരുത്, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക, വവ്വാലുകള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ തെങ്ങ്, പന എന്നിവയില്‍നിന്ന് ലഭിക്കുന്ന തുറന്ന പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്, പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങള്‍ വിസര്‍ജ്യം എന്നിവ കലരാത്ത രീതിയില്‍ ഭക്ഷണപദാര്‍ഥങ്ങളും കുടിവെള്ളവും നന്നായി അടച്ച് സൂക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക, കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കഴുകുക, കൈകള്‍ കൊണ്ട് ഇടക്കിടെ മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, രോഗീപരിചരണത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നീ മുന്‍കരുതലുകള്‍ വേണമെന്നും ഡിഎംഒ നിര്‍ദേശിച്ചു. സംശയ നിവാരണത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന 04952373903 നമ്പറിലോ സംസ്ഥാനതലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ഹെല്‍പ് ലൈന്‍ നമ്പറിലോ വിളിക്കാം.