പൊതുജനാരോഗ്യ സംവിധാനം തകര്‍ന്നാല്‍ പകരം വരുന്നത് കോര്‍പ്പറേറ്റുകളായിരിക്കും: ടിപി രാമകൃഷ്ണൻ

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സംഭവത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ചില പ്രത്യേക രോഗങ്ങള്‍ക്ക് മറ്റു രാജ്യങ്ങളില്‍ പോയി ചികിത്സ തേടേണ്ടി വരുമെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഈ നാടിന്റെ ഭാഗമല്ലേ. അവര്‍ക്ക് നല്ല ചികിത്സ കിട്ടേണ്ടതല്ലേ.

സാധാരണ ജനങ്ങള്‍ക്ക് ഇത്തരം അവസരം കിട്ടുന്നില്ല എന്നതില്‍ യാഥാര്‍ത്ഥ്യമുണ്ട്. ഇതൊരു മുതലാളിത്ത വ്യവസ്ഥിതി അല്ലേ, സോഷ്യലിസ്റ്റ് വ്യവസ്ഥിതി അല്ലല്ലോ എന്നും ടിപി രാമകൃഷ്ണന്‍ ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടായിരുന്നു ടിപി രാമകൃഷ്ണന്റെ പ്രതികരണം.

മുഖ്യമന്ത്രിക്ക് വിധഗ്ധ ചികില്‍സ ആവശ്യമുണ്ട്. അത് നിലവില്‍ ലഭ്യമാകുന്നത് അമേരിക്കയിലാണ്. അതുകൊണ്ടാണ് അവിടെ പോകുന്നതെന്നും ടിപി പറഞ്ഞു. കോട്ടയത്തെ ബിന്ദുവിന്റെ മരണം ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ ചെയ്യാനാവുന്നതെല്ലാം ചെയ്തു. വീഴ്ച പരിശോധിക്കാന്‍ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ അക്രമ സമരങ്ങളാണ് യുഡിഎഫ് നടത്തുന്നത്. ചില മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു. ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് എങ്ങനെ പറയാനാകും. ആരോഗ്യ മേഖലയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്ത് ഇറങ്ങണം. പൊതുജനാരോഗ്യ സംവിധാനം തകര്‍ന്നാല്‍ പകരം വരുന്നത് കോര്‍പ്പറേറ്റുകളായിരിക്കും. വീണ ജോര്‍ജിനെതിരെ സിപിഎമ്മിന്റെ ഏതെങ്കിലും അംഗം പരസ്യ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

തന്റെ ജീവന്‍ തിരിച്ചു കിട്ടിയത് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കിട്ടിയ ചികില്‍സ കൊണ്ടാണെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തോടും ടിപി പ്രതികരിച്ചു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെച്ചപ്പെട്ട ചികിത്സ കിട്ടിയെന്ന സജി ചെറിയാന്റെ പ്രതികരണം ശരിയാകാമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

07-Jul-2025