കേരളത്തിൽ 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ താനാണെന്ന തിരഞ്ഞെടുപ്പ് സര്‍വേ ഫലം പങ്കുവച്ച സംഭവത്തില്‍ ശശി തരൂരിന് രൂക്ഷ വിമര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും അടൂര്‍ പ്രകാശും വിഷയത്തില്‍ തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ എംഎം ഹസനും ശശി തരൂരിന്റെ നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് സ്വയം പറയുന്നത് ജനങ്ങളില്‍ അവിശ്വാസ്യതയുണ്ടാക്കുമെന്ന് എംഎം ഹസന്‍ പറഞ്ഞു. എറണാകുളത്ത് യുഡിഎഫ് യോഗത്തിന് എത്തിയപ്പോഴായിരുന്നു ഹസന്‍ പ്രതികരിച്ചത്.
മുഖ്യമന്ത്രിയാകാന്‍ ശശി തരൂരിനെ 28 ശതമാനം പേര്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് സര്‍വേഫലം വന്നെന്ന് മാധ്യമങ്ങളില്‍ കണ്ടു. നല്ലത്. നാളെ പ്രധാനമന്ത്രിയാകാന്‍ ആരാണ് യോഗ്യനെന്ന് സര്‍വേ നടത്തിയാലും തരൂരിന്റെ പേര് വരും. പക്ഷേ ഏത് ഏജന്‍സിയാണ് നടത്തിയതെന്ന് കണ്ടില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.