ആരോഗ്യമേഖലയിലെ നേട്ടത്തിൽ സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ

ആരോഗ്യമേഖലയിൽ മികച്ച നേട്ടം കൈവരിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. 2023 – 24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്. സർക്കാരിൻ്റെ ഇടപെടലില്ലാതെ ഇത് സാധ്യമാകില്ലെന്നും ഇക്കാര്യത്തിൽ എല്ലാവരും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ഗവർണർ വ്യക്തമാക്കി.

കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും ഗവർണർ പറയുകയുണ്ടായി. സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആരോഗ്യവകുപ്പിനെ ഗവർണർ അഭിനന്ദിച്ചു. എന്നാൽ സർവകലാശാല പ്രശ്‌നങ്ങളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒറ്റ വാക്കിൽ മറുപടി നൽകുകയായിരുന്നു. ‘ഇവിടെ അകത്തും പലതും നടക്കുന്നുണ്ടല്ലോ, അത് കവർ ചെയ്യു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പരിപാടിയിൽ മന്ത്രി വി.ശിവൻകുട്ടിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. മന്ത്രിസഭാ യോഗം കഴിയാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. എന്നാൽ മന്ത്രിയുടെ ഓദ്യോഗിക പരിപാടികളുടെ ലിസ്റ്റിലും ഗവർണ‌റുടെ പരിപാടി ഉൾപ്പെടുത്തിയിരുന്നില്ല.

10-Jul-2025