നടപടിയില്ല; ശശി തരൂരിനെ അവഗണിക്കാന്‍ തീരുമാനവുമായി കോൺഗ്രസ്

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. അടിയന്തരാവസ്ഥ ലേഖനത്തില്‍ ശശി തരൂരിനെതിരായ വികാരം പാര്‍ട്ടിയില്‍ ശക്തമാകുന്നുണ്ട്. എന്നാല്‍ തരൂരിന്റെ ലേഖനത്തെ അവഗണിക്കാനാണ് നേതൃത്വം ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അടുത്തിടെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന തരത്തിലുള്ള നിരവധി പ്രസ്താവനകളാണ് ശശി തരൂര്‍ നേരിട്ടും ലേഖനങ്ങളിലൂടെയും ഉയര്‍ത്തിയത്.

പാര്‍ട്ടിയുടെ വക്താക്കളോട് ഇതുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവനകളൊന്നും നടത്തരുതെന്നും സൂചിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ എന്തെങ്കിലും നിലപാട് വ്യക്തമാക്കാനുണ്ടെങ്കില്‍ ഹൈക്കമാന്‍ഡ് പ്രതികരിക്കുമെന്നാണ് എഐസിസിയുടെ നിലപാട്. ഇസ്രയേല്‍ വിഷയത്തില്‍ സോണിയ ഗാന്ധി പറഞ്ഞതിനെതിരെയും ഓപ്പറേഷന്‍ സിന്ദൂറില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതിനെയും ശശി തരൂര്‍ വിമര്‍ശിച്ചിരുന്നു.

ലണ്ടനില്‍ ഒരു പരിപാടിക്കിടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ നയത്തെ ഉയര്‍ത്തിക്കാണിക്കുന്ന രീതിയില്‍ ശശി തരൂര്‍ സംസാരിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. അടിയന്തരാവസ്ഥയെ വിമര്‍ശിച്ചും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അധികാരം കൈയാളിയ മകന്‍ സഞ്ജയ്ഗാന്ധിയുടെയും ക്രൂരതകള്‍ തുറന്നുകാട്ടിയുമാണ് ശശി തരൂര്‍ ലേഖനം എഴുതിയത്.

 

12-Jul-2025