വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ജാതി, മത ചടങ്ങുകളില്‍ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി
അഡ്മിൻ
വിദ്യാര്‍ഥികളെ ജാതീയവും മതപരവുമായ ചടങ്ങുകളില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം ചടങ്ങുകള്‍ക്ക് കോളേജ് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍പ്പോലും നേരിട്ടോ അല്ലാതെയോ വിദ്യാര്‍ഥികളെ ഈ ചടങ്ങുകളിൽ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും കോടതി അറിയിച്ചു. വിദ്യാര്‍ഥികളുടെ വ്യക്തിപരമായ അവകാശമാണ് ഏതു ചടങ്ങില്‍ പങ്കെടുക്കണം എന്നത്. അതിനു നിര്‍ബന്ധിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ചടങ്ങുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ചാണ് വന്നതെന്ന് സ്ഥിരീകരിച്ചാല്‍ കോളേജിന് നല്‍കുന്ന സഹായം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടതി അറിയിച്ചു. കൂടാതെ ജാതി തിരിച്ചറിയല്‍ അടിസ്ഥാനമാക്കിയുള്ള ബാനറുകളും പോസ്റ്ററുകളും കാമ്പസിനുള്ളില്‍ സ്ഥാപിക്കരുതെന്നും കോടതി നിർദേശം നൽകി. നിയമലംഘനം കണ്ടാല്‍ പോലീസും വിദ്യാഭ്യാസവകുപ്പും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യം, ജസ്റ്റിസ് എ.ഡി. മരിയ ക്ലീറ്റ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
മധുരയിലെ ഭൂമിനാഥൻ എന്നയാൾ സമർപ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ മറുപടി വന്നിരിക്കുന്നത്. മധുര തിരുപ്പലൈ യാദവ സര്‍ക്കാര്‍ എയ്ഡഡ് കോളേജില്‍ സ്വാതന്ത്ര്യസമരസേനാനി മാവീരന്‍ അഴകു മുത്തുകോണിന്റെ ജന്മവാര്‍ഷികത്തിന് മുന്നോടിയായിട്ടായിരുന്നു ഹര്‍ജി.
ചടങ്ങിന് ജാതിമുദ്ര നല്‍കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുന്നുണ്ടെന്നും കോളേജ് കാമ്പസില്‍ അനാവശ്യമായ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുടെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്താത്ത രീതിയില്‍ പരിപാടി സംഘടിപ്പിക്കാന്‍ നടപടിയെടുക്കാന്‍ കോളേജ് അധികൃതര്‍ക്ക് വിദ്യാഭ്യാസ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.