കാന്തപുരത്തിന്റെ ഇടപെടലിൽ സംശയമുന്നയിച്ചവർക്ക് മറുപടിയുമായി സുപ്രീംകോടതി അഭിഭാഷകൻ
അഡ്മിൻ
നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ എത്തിയ അവകാശവാദങ്ങളിലും സംശയങ്ങളിലും വ്യക്തത വരുത്തി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗൽ അഡ്വൈസറും സുപ്രീംകോടതി അഭിഭാഷകനുമായ കെ. ആര്‍. സുഭാഷ് ചന്ദ്രന്‍. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ തന്നെയാണ് വധശിക്ഷ മരവിപ്പിക്കലിന് പിന്നിലെന്ന് കെ. ആര്‍. സുഭാഷ് ചന്ദ്രന്‍ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ചാനലുകളിൽ വാട്ടർമാർക്ക് വെയ്ക്കുന്ന തരത്തിലാണ് ഉത്തരവിൽ 'ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യയുടെ' വാട്ടർമാർക്ക് നൽകിയതെന്നും കെ. ആർ. സുഭാഷ് ചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വിഷയത്തിൽ അവകാശവാദവുമായി ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാറടക്കം രംഗത്തെത്തിയതിന് പിന്നാലെയാണ് സുപ്രീം കോടതി അഭിഭാഷകൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ഗ്രാൻഡ് മുഫ്തിയുടെ വാട്ടർമാർക്ക് കണ്ടതോടെ, വിധിപകർപ്പിൻ്റെ ആധികാരികതയിൽ ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഉത്തരവ് മറ്റുള്ളവർ പുറത്തെടുത്ത് അവകാശവാദം ഉന്നയിക്കാതിരിക്കാനാണ് വാട്ടർമാർക്ക് നൽകിയതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
"ദിയാധനം വാങ്ങാന്‍ ബന്ധുക്കള്‍ സമ്മതിക്കുമ്പോള്‍ മതപണ്ഡിതനെ വാഴ്ത്താം"; നിമിഷപ്രിയയുടെ മോചനത്തിൽ അവകാശവാദവുമായി ഗവർണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി
തിയ്യതിയുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളിലും കെ. ആർ. സുഭാഷ് ചന്ദ്രൻ വിശദീകരണം നൽകി. വിവരം നേരത്തെ ലഭിച്ചിരുന്നെന്നും, രേഖാമൂലമുള്ള വിധിപകർപ്പിനായി കാന്തപുരം കാത്തിരിക്കുകയായിരുന്നെന്നും അഭിഭാഷകൻ്റെ കുറിപ്പിൽ പറയുന്നു.
"മലയാള മാധ്യമങ്ങൾക്ക് അറബി തിയ്യതി വായിക്കാൻ അറിയില്ലല്ലോ എന്നുകരുതി, ഇന്നലത്തെ ഡേറ്റ് ഉള്ള ഉത്തരവ് നൽകി കാന്തപുരം പറ്റിച്ചു എന്നൊക്കെയാണ് സംസാരം. ശുഭ വാർത്തകൾ കഴിഞ്ഞ ദിവസം മുതൽ വാക്കാൽ ഉസ്താദിന് ലഭിച്ചുകൊണ്ടിരിക്കുന്നെങ്കിലും അപ്പോഴൊന്നും ഇക്കാര്യത്തിൽ ഒഫീഷ്യൽ ആയി ഉസ്താദിന്റെ ഓഫീസ് പ്രതികതിരിച്ചിട്ടില്ല. രേഖാമൂലമുള്ള വിവരം കിട്ടിയിട്ടുമതി എന്നായിരുന്നു ഉസ്താദിന്റെ ഓഫീസിന്റെ നിലപാട്," കെ. ആർ. സുഭാഷ് ചന്ദ്രൻ വ്യക്തമാക്കി.
"ഇത്രയും കാലം നയതന്ത്രപരമായോ നിയമപരമായോ വലിയ ഇടപെടലുകൾക്ക് നടത്താൻ പരിമിതികളുള്ള ഒരു കാര്യത്തിൽ കുടുംബവുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള നിർണായക ഇടപെടൽ ഉസ്താദ് നടത്തുമ്പോൾ അതിൽ സംശയം ഉന്നയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ 'ഇത് മനുഷ്യർക്ക് വേണ്ടിയുള്ള ഇടപെടലാണ്," ഇങ്ങനെ കുറിച്ചാണ് കെ. ആർ. സുഭാഷ് ചന്ദ്രൻ്റെൻ തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യമനില്‍ ഇന്നും തുടരും. നോര്‍ത്ത് യമനിലെ ദമാറില്‍ നടക്കുന്ന ചര്‍ച്ചയില്‍ തലാലിന്റെ കുടുംബാംഗങ്ങളും, ഭരണകൂട പ്രതിനിധികളും പങ്കെടുക്കും. ദിയാധനം സ്വീകരിക്കുന്ന കാര്യത്തില്‍, അത് എത്രയാണ് എന്ന കാര്യത്തിലും ഒരു അന്തിമ തീരുമാനം ഉണ്ടാവാനും സാധ്യത.കാന്തപുരം യമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമ്മറിന്റെ നേതൃത്വത്തിലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തുന്നത്.
16-Jul-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ