കൊല്ലത്തെ വിദ്യാർഥിയുടെ മരണം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി
അഡ്മിൻ
തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മിഥുൻ്റെ ജീവൻ നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മിഥുൻ്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതീവ ദുഃഖകരമായ വിയോഗമാണ് സംഭവിച്ചിരിക്കുന്നത് എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചത്. മിഥുൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അതീവ ദുഃഖകരമായ വിയോഗമാണ് സംഭവിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ ഒപ്പം ചേരുന്നുവെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണം. സ്കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. മിഥുൻ്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിൻ്റെ നേതൃത്വത്തിലാണ് വീട് നിർമിച്ച് നൽകുകയെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് സ്‌കൂളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനടെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുൻ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിനോട് ചേര്‍ന്നുള്ള ഇരുമ്പ് ഷീറ്റിട്ട സൈക്കിള്‍ ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇതെടുക്കാന്‍ ഒരു ബെഞ്ച് ഇട്ടതിന് ശേഷമാണ് കുട്ടി അവിടേക്ക് ഇറങ്ങിയത്. എന്നാല്‍ ഷീറ്റിന് മുകള്‍ ഭാഗത്തൂടെ പോവുന്ന വൈദ്യുത കമ്പിയില്‍ തട്ടി കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു.