പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളനത്തിന് മുന്നോടിയായി ചേർന്ന വെർച്വൽ യോഗത്തിൽ ഇന്ത്യാ സഖ്യത്തിലെ 24 പാർട്ടികളാണ് പങ്കെടുത്തത്. രാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും രാഷ്ട്രീയ കാര്യങ്ങളും ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ ചർച്ചകൾ നടന്നു. യോഗത്തിൽ 8 പ്രധാന വിഷയങ്ങളാണ് ഉയർന്നുവന്നത്. ആദായനികുതി ഭേദഗതി ബില്ലുകളടക്കം സഭയിലെത്തും. പഹൽഗാം, വോട്ടർ പട്ടിക വിവാദം അടക്കം പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.

ഇന്ത്യാ-പാക് തർക്കത്തിൽ മധ്യസ്ഥത വഹിച്ചു എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളും, ഓപ്പറേഷൻ സിന്ദൂറിനിടയിൽ സംഭവിച്ചതായി പറയപ്പെടുന്ന വീഴ്ചകളെയും നഷ്ടങ്ങളെയും കുറിച്ചും സർക്കാരിൽ നിന്ന് പ്രതിപക്ഷം വിശദീകരണം തേടും. കൂടാതെ, അഹമ്മദാബാദ് വിമാനാപകടം പോലുള്ള മറ്റ് പല പ്രധാന വിഷയങ്ങളിലും ചർച്ച നടക്കുകയും അതിൽ സർക്കാരിൽ നിന്ന് മറുപടി തേടുകയും ചെയ്യും.

ബിഹാറിലെ വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടായ വിഷയങ്ങളിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. ജമ്മു കശ്മീരിന് സംസ്ഥാന പദവി എന്ന ആവശ്യവും ഉന്നയിക്കും. ശേഷം ഓഗസ്റ്റിൽ ഇന്ത്യ സഖ്യം നേരിട്ട് യോഗം ചേരും. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിച്ച് ഓഗസ്റ്റ് 21 വരെ തുടരും. മുമ്പത്തേക്കാൾ ഒരാഴ്ച കൂടുതലാണ് ഇത്തവണത്തെ സമ്മേളനം. കൂടുതൽ ബില്ലുകൾ ഇത്തവണത്തെ സമ്മേളനത്തിൽ വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

21-Jul-2025