വിഎസിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നു: മുഖ്യമന്ത്രി

മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വിഎസിന്റെ ജീവിതം.

ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വിഎസ് അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നു.

കേരള സർക്കാരിനെയും സിപിഐഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വിഎസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഈടുവെയ്പ്പിന്റെ ഭാഗമാണവ എന്നു ചരിത്രം രേഖപ്പെടുത്തും.

21-Jul-2025