വിഎസ്; ഇനി ഓർമകളിലെ രക്ത നക്ഷത്രം
അഡ്മിൻ
രാജ്യത്തെ ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ മാസം 23-നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ്ബ്യൂറോ അംഗം, എൽഡിഎഫ് കൺവീനർ എന്നിങ്ങനെ നിരവധി പദവികളാണ് ഇടതുരാഷ്ട്രീയത്തിൽ വിഎസ് വഹിച്ചത്. 2020-ൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച വി.എസ്.അച്യുതാനന്ദൻ നിലവിൽ തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമ ജീവിതത്തിൽ തുടരുകയായിരുന്നു.
എന്നും അവകാശ പോരാട്ടങ്ങളുടെ നേർവാക്കാണ് വിഎസ് എന്ന, വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. ആറ്റിക്കുറുക്കിയ വാക്കും നിലപാടുകളിലെ തലപ്പൊക്കവുമാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനെ കേരളത്തിന്റെ സ്വന്തം വിഎസ് ആക്കി മാറ്റിയത്. ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ആയിരുന്നു ജനനം. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച അദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.
കയർത്തൊഴിലാളിയായിരിക്കെ, കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ സഖാവ് പി. കൃഷ്ണപിള്ളയാണ് വി.എസിന്റെ ഉള്ളിലെ സമരാഗ്നിയെ കണ്ടെത്തിയത്. അസാമാന്യമായ നിശ്ചയദാർഢ്യവും വി.എസിൽക്കണ്ട കൃഷ്ണപിള്ള, നാല്പതുകളുടെ ആദ്യത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിനും കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും വേണ്ടി അദ്ദേഹത്തെ നിയോഗിക്കുകയായിരുന്നു. അവിടെ നിന്നും വിഎസ് അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലേക്കായിരുന്നു.
കർഷകത്തൊഴിലാളികൾക്ക് അന്തസ്സാർന്ന ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള പോരാട്ടത്തിന് നേതൃത്വംകൊടുക്കണമെന്ന കൃഷ്ണപിള്ളയുടെ നിർദേശം അതേപടി സ്വീകരിച്ച വി.എസ്. തന്റെ നിരന്തര പോരാട്ടത്തിലൂടെ ജോലിസമയം ക്ലിപ്തപ്പെടുത്തുന്നതും കൂലിവർധിപ്പിക്കുന്നതും സാധ്യമാക്കി. അത് കേരളത്തിലെ കർഷകത്തൊഴിലാളികളുടെ സമരോത്സുകമായ മുന്നേറ്റത്തിന് വഴിവെക്കുന്നതിനും ഇടയായി. തുടർന്നിങ്ങോട്ട് വി.എസിന്റെ നിലയ്ക്കാത്ത പോരാട്ടവീര്യത്തിനാണ് രാഷ്ട്രിയ കേരളം സാക്ഷിയായത്.
തുടക്കകാലത്ത് അദ്ദേഹത്തിനു ലഭിച്ച അനുഭവങ്ങളും പാഠങ്ങളുമാണ് പിന്നിടങ്ങോട്ട് വിഎസിന് പ്രചോദനമായത്. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. ശേഷം പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു. 1952-ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി.എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
1959-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ രണ്ടായി പിളർന്നതോടെ സി.പി.എം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതൽ 1970 വരെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി.എസ്.അച്യുതാനന്ദൻ.
1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഒടുവിൽ മത്സരിച്ച 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരള നിയമസഭകളിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതൽ 2001 വരെ ഇടതുമുന്നണിയുടെ കൺവീനറായും പ്രവർത്തിച്ചു. രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അച്യുതാനന്ദൻ സംസ്ഥാന മന്ത്രിയായിട്ടില്ല.
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയർന്നു വന്നു. എന്നാൽ പാർട്ടിയിൽ ആരോപിക്കപ്പെടുന്ന വിഭാഗീയത മൂലം വി.എസിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങൾ ആശങ്കയുയർത്തിയിരുന്നു. 2006 മേയ് 13-നു ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയെ തത്ത്വത്തിൽ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി.
അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യത്തിൽ പോളിറ്റ് ബ്യൂറോ തീരുമാനം സി. പി. എം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കുവാൻ മാറ്റിവയ്ക്കുകയായിരുന്നു. മേയ് 15നു ചേർന്ന സംസ്ഥാന സമിതിക്കു ശേഷം വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാർട്ടി നേതൃത്വം പുറത്തിറക്കി.
പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വി.എസ്. തോൽക്കുകയാ, വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയാ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. 1967-ലും 2006 ലും ഒഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെുപ്പുകളിലെല്ലാം പാർട്ടി അധികാര സ്ഥാനത്തിന് പുറത്തായിരുന്നു. എങ്കിലും കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദൻ ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി.
വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്.അച്യുതാനന്ദൻ 2006 മെയ് 18-ന് കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.എസിന് 83 വയസായിരുന്നു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ ഒട്ടേറെ ജനക്ഷേമ പരിപാടികൾക്ക് വി.എസ്. തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷൻ മൂന്നാർ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു.
സ്വന്തം നിലപാടുകളിൽനിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിർവഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി. . രാഷ്ട്രിയ ജീവിതത്തിലെ കനൽവഴികളിലൂടെയുള്ള ദീർഘയാത്രയിൽ കഠിനാധ്വാനത്തിന്റെ കറകളഞ്ഞ പാരമ്പര്യമാണ് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്. മാത്രമല്ല ഒരു ഘട്ടത്തിലും പതറാതെ ജ്വലിച്ചു നിന്ന ആ വിപ്ലവ സൂര്യൻ ഇനി അണഞ്ഞുപോവാത്ത വിപ്ലവത്തിന്റെ തീയോർമകൾക്കൊപ്പമാണ്.
ഭാര്യ: കെ.വസുമതി 1991-ൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഹെഡ് നേഴ്സായി വിരമിച്ചു.
മകൻ : വി.എ.അരുൺകുമാർ ഐ.എച്ച്.ആർ.ഡി അസിസ്റ്റൻറ് ഡയറക്ടറാണ്. മരുമകൾ ഇ.എൻ.ടി സർജനായ ഡോ. രജനി ബാലചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്യൂട്ടറായി പ്രവർത്തിക്കുന്നു.
മകൾ: ഡോ. വി.വി.ആശ തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ റിട്ട.ശാസ്ത്രജ്ഞയാണ്. ഭർത്താവ് ഡോ. വി.തങ്കരാജ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ന്യൂറോ സർജൻ.
21-Jul-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ