ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്ത സ്വർണ്ണം മറിച്ചുവിറ്റതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണ്ണവും കൂടാതെ, സ്പോൺസർമാരിൽ നിന്ന് ലഭിച്ച സ്വർണ്ണവും ഇയാൾ പണമാക്കി മാറ്റി. ഈ പണം ഭൂമി ഇടപാടുകൾക്കാണ് ഉപയോഗിച്ചതെന്നും ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ഇതിന് പിന്നാലെ, പ്രതികൾ രേഖകൾ നശിപ്പിച്ചതായി സംശയം ഉയർന്നതിനെ തുടർന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂരിലെ വീട്ടിൽ അന്വേഷണ സംഘം വിശദമായ പരിശോധന നടത്തി. ഏകദേശം പത്ത് മണിക്കൂറോളം നീണ്ട പരിശോധനയിൽ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണ്ണവും ഇയാളുടെ ഹാർഡ് ഡിസ്കും അന്വേഷണ സംഘം പിടിച്ചെടുത്തു.
വിശ്വാസവഞ്ചന നടത്തി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് ഏകദേശം രണ്ട് കിലോ സ്വർണ്ണം കവർച്ച നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, തട്ടിയെടുത്ത സ്വർണ്ണം എന്ത് ചെയ്തുവെന്ന് ഇയാൾ വെളിപ്പെടുത്തിയിരുന്നില്ല. ഇന്നലെ വൈകുന്നേരം മുതൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്.