വിഎസിൻ്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര തലസ്ഥാനഗരിയിൽ നിന്നും പുറപ്പെട്ടു. വിഎസിനെ കാണാൻ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി സ്ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പെടെ വൻജനാവലിയാണ് തടിച്ചുകൂടിയത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് പ്രവർത്തകർ അവരുടെ നേതാവിനെ യാത്രയാക്കിയത്.
രാവിലെ 9 മണി മുതൽ സെക്രട്ടറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന പൊതുദർശനം ഉച്ചയ്ക്ക് 2.15 ഓടെ അവസാനിച്ചു. മൃതദേഹം ഇനി വിലാപയാത്രയായി ആലപ്പുഴയിലെ ജന്മനാട്ടിൽ എത്തിക്കും. വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ ആയിരിക്കും . തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.
സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെഎൻ 363 എ.സി. ലോ ഫ്ളോർ ബസാണ് (KL 15 A 407) വി.എസ് അച്യുതാനന്ദന്റെ അന്ത്യയാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വിഎസിൻ്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകൾ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസിൽ ജനറേറ്റർ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആർടിസി ബസിൽ സാരഥികളാവുന്നത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടിപി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറുമാണ്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിൻ്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച്. നവാസും, പേരൂർക്കട ഡിപ്പോയിലെ വി. ശ്രീജേഷുമാണ്.