ആകാരം കൊണ്ട് ചെറിയവനും നിലപാട് കൊണ്ട് വലിയവനുമായ വിഎസ്

എത്രയെത്ര സമരങ്ങളാണ് പൊട്ടിമുളച്ചത്, വിഎസ് നടന്നുചെന്ന വഴികളിൽ. മണ്ണു സംരക്ഷിക്കാൻ. കാടും മലയും സംരക്ഷിക്കാൻ, പുഴകളെ വീണ്ടെടുക്കാൻ, സ്ത്രീകളുടെ അവകാശത്തിനും സുരക്ഷയ്ക്കുമായി, കർഷക തൊഴിലാളികൾക്കും വേണ്ടി. ഈ പ്രക്ഷോഭങ്ങളുടെയെല്ലാം നെടുമ്പാതയോരത്ത് ആകാരം കൊണ്ട് ചെറിയവനും നിലപാട് കൊണ്ട് വലിയവനുമായ വിഎസ് എന്ന മനുഷ്യന്റെ നിഴലും വെളിച്ചവുമുണ്ടായിരുന്നു, തണലും.

വിഎസിന്റെ മരണവാർത്തയെക്കുറിച്ച് ദേശീയ ടെലിവിഷൻ മാധ്യമമായ എൻഡിടിവി നൽകിയ തലക്കെട്ട് ദ വൺ ആൻഡ് ഒൺലി വിഎസ് എന്നായിരുന്നു. അതെ, ഒരേയൊരു വിഎസ്. നിരന്തര സമരമായിരുന്നു വിഎസിന് ജീവിതം. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളോട് പോരാടുമ്പോൾ വിഎസിന് 10 കയ്യാണെന്നാണ് പറയുക. 1970 നവംബറിൽ നെഹ്റു ട്രോഫി വാർഡിൽ നാല് കർഷക തൊഴിലാളി യുവതികളെ എട്ട് പൊലീസുകാർ ചേർന്ന് ബലാത്സംഗം ചെയ്ത വിവരം വിഎസ് അറിയുന്നത് ടെലഗ്രാം അടിച്ച് കിട്ടിയ വിവരത്തിൽ നിന്ന്. പുലർച്ചെ ഒരു മണിക്ക് കിട്ടിയ ആ സന്ദേശത്തിന്റ പുറത്ത് വിഎസ് ഇറങ്ങി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് സംഭവസ്ഥലത്തെത്തി സ്ത്രീകളോട് സംസാരിച്ചു.

നവംബർ മൂന്നിന് അടിയന്തര പ്രമേയവുമായി സഭയിലെത്തി. ഉറച്ച സ്വരത്തിൽ അദ്ദേഹം സഭയ്ക്ക് മുൻപിൽ വിഷയം വച്ചു. കൃത്യമായ നടപടിയുണ്ടാകുമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞു. പൊലീസുകർക്കെതിരെ കേസെടുത്തു. അത് അങ്ങനെയാണ്. വിഎസിന് ഒരു കാര്യം ബോധ്യപ്പെട്ടുകഴിഞ്ഞാൽ. ഇറങ്ങിപുറപ്പെട്ടാൽ പിന്നെ പരിഹാരം കാണാതെ തിരിച്ചിറക്കമില്ല. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിക്കുനേരെ നടന്ന ഐതിഹാസിക സമരത്തിനൊപ്പമായിരുന്നു വിഎസ്. 2002ൽ പ്ലാച്ചിമട സമര പന്തലിൽ എത്തി. സമരത്തിൻ്റെ ജനകീയത വിഎസിന്റെ നിർണായക വരവോടെ ഉയർന്നു. പിന്നീട് പ്ലാച്ചിമട ഇരകൾക്കുള്ള നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ല് കൊണ്ട് വന്നതും നിയമസഭയിൽ അത് പാസാക്കിയതും വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ.

പൊമ്പിളൈ ഒരുമൈയ്ക്ക് ഐക്യദാർഢ്യം
2015 സെപ്റ്റംബർ. മൂന്നാർ തേയിലത്തോട്ടങ്ങളിലെ തൊഴിലാളി സ്ത്രീകളുടെ കൂട്ടായ്മ പൊമ്പിളൈ ഒരുമൈ വർഷങ്ങളായുള്ള ചുഷണങ്ങൾക്കൊടുവിൽ സമരമുഖത്ത് വന്ന നാളുകൾ. ബോണസ്, ശമ്പള വർധന എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമരം. പട്ടിണിയും പരിവട്ടങ്ങളുമായി 9 ദിവസം സമരം നീണ്ടു. മാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞ വിഎസ് ഇറങ്ങി. സ്വന്തം വീടുകളിലെ പുരുഷന്‍മാരെ പോലും സമരത്തിലേക്ക് പ്രവേശിപ്പിക്കാത്ത സമരമുഖത്തേക്ക് വി എസ് വന്നു. ആ വരവ് ആവേശത്തോടെ തൊഴിലാളി സ്ത്രീകൾ ഏറ്റെടുത്തു. സമരാവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ താനും സമരപ്പന്തലിൽ തുടരുമെന്ന് വിഎസ് പ്രഖ്യാപിച്ചു. അത്യാവേശത്തിൽ ആ തോട്ടം തൊഴിലാളി സ്ത്രീകൾ തമിഴും മലയാളവും കലർന്ന മുദ്രാവാക്യം ഉയർത്തി.

പണിയെടുപ്പത് നാങ്കള് കൊള്ളയടിച്ചത് നീങ്കള്, കൊളുന്തു കുട്ട എടുപ്പത് നാങ്കള് പണക്കുട്ട അമൃക്കത് നീങ്കള്, പൊട്ടലയങ്ങൾ നാങ്കൾക്ക് എസി ബംഗ്ലാ ഉങ്കളുക്ക്, കുട്ടത്തൊപ്പി നാങ്കൾക്ക് കോട്ടും സൂട്ടും ഉങ്കൾക്ക്, ചിക്കൻ ദോശ ഉങ്കൾക്ക് കാടി കഞ്ഞി നാങ്കൾക്ക്, പണിയെടുക്കുവത് നാങ്കൾ പണം കൊയ്‌വത് നീങ്കൾ, പോരാടുവോം പോരാടുവോം നീതി കെടയ്‌ക്കും വരെ പോരാടുവോം.

വിഎസിന്റെ വരവോടെ കാര്യങ്ങൾ മാറി. തൊഴിലാളികൾക്കൊപ്പം നിലകൊണ്ട ആ സമര നേതാവിന്റെ ഐക്യദാർഢ്യ പ്രഖ്യാപനം ഉമ്മൻചാണ്ടി സർക്കാരിന്റെ കണ്ണുതുറപ്പിച്ചു. തൊഴിലാളികളുടെ ഡിമാൻഡ് അംഗീകരിക്കാൻ സർക്കാർ നിർബന്ധിതരായി. അതാണ് വിഎസ്. ഇന്നലെ, മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരകാലത്തെ വിഎസിന്റെ സന്ദര്‍ശനം ഓര്‍മിച്ച് അന്നത്തെ നേതാവ് ഗോമതി ഇങ്ങനെ പറഞ്ഞു. വിഎസിന്റെ വിയോഗ വാർത്തയെക്കുറിച്ചുള്ള ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റ ഒന്നാംപേജ് തലക്കെട്ട് ഇങ്ങനെയാണ്. കൊമ്രേഡ് ഓഫ് സെഞ്ച്വറി. നൂറ്റാണ്ടിന്റെ പ്രിയ സഖാവിന് വിട.

22-Jul-2025