ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎ ചർച്ച ആരംഭിച്ചു: ശശി തരൂരും പരിഗണനയിൽ?
അഡ്മിൻ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചു. വർഷകാല സമ്മേളനത്തിൽ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ശശി തരൂർ എംപി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. നിലവിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുൻതൂക്കമുണ്ടെന്നാണ് സൂചന.
ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ രാജിയിൽ മൗനം തുടർന്ന് കേന്ദ്ര സർക്കാർ. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജഗദീപ് ധൻകർ ഇന്നലെ അപ്രതീക്ഷിതമായി രാജിവെച്ചത്.രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് രാജിക്കത്ത് നൽകിയത്. മെഡിക്കൽ ഉപദേശങ്ങൾ കൂടി കണക്കിലെടുത്താണ് രാജിയെന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻ്റ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. രാജി ഞെട്ടിക്കുന്നതെന്ന് സിപിഎമ്മും കോൺഗ്രസും പ്രതികരിച്ചു.