മിഗ് 21 വ്യോമസേനയില്‍ നിന്ന് വിടവാങ്ങുന്നു; ഔദ്യോഗിക ഡീ കമ്മിഷനിങ് സെപ്റ്റംബര്‍ 19 ന്
അഡ്മിൻ
മിഗ് 21 യുദ്ധവിമാനങ്ങള്‍ വ്യോമസേനയില്‍ നിന്ന് വിടവാങ്ങുന്നു. ആറ് പതിറ്റാണ്ട് നീണ്ട സേവനത്തിനൊടുവില്‍ ചണ്ഡിഗഡ് വ്യോമതാവളത്തില്‍ സെപ്റ്റംബര്‍ 19 ന് ഔദ്യോഗിക ഡീ കമ്മിഷനിങ് ചടങ്ങുകള്‍ നടക്കും. വ്യോമസേനയില്‍ ഇപ്പോള്‍ അവശേഷിക്കുന്ന രണ്ട് മിഗ് 21 സ്ക്വാഡ്രനുകളും ഇതോടെ ചരിത്രമാകും. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് എംകെ-1എ യുദ്ധവിമാനങ്ങള്‍ മിഗ് 21 ന് പകരമായി ഉപയോഗിക്കാനാണ് തീരുമാനം.
മിഗ് 21 വിമാനങ്ങള്‍ 1963 ലാണ് ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ സൂപ്പര്‍ സോണിക് വിമാനമായിരുന്നു മിഗ് 21. 1965 ലെ ഇന്ത്യപാക്ക് യുദ്ധത്തില്‍ ഉപയോഗിച്ച് തുടങ്ങിയ ഇവ പിന്നീട് 62 വര്‍ഷക്കാലം സേനയുടെ പ്രധാന ആയുധമായി മാറി. 1971 ബംഗ്ലാദേശ് യുദ്ധത്തിലും 1999 ലെ കാര്‍ഗില്‍ യുദ്ധത്തിലുമെല്ലാം ഇവ നിര്‍ണായക സാന്നിധ്യമായിരുന്നു.
2017 നും 2024 നും ഇടയില്‍ മിഗ് 21 ന്റെ നാല് സ്ക്വാഡ്രനുകള്‍ വിരമിച്ചിരുന്നു. ശ്രീനഗര്‍ ആസ്ഥാനമായുള്ള 51-ാം സ്ക്വാഡ്രന്‍ 2022 ലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പാക്കിസ്ഥാന് ബന്ദിയാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത അഭിനന്ദന് വര്ധമാന് ഈ സ്ക്വാഡ്രനില്‍ വിങ് കമാന്‍ഡര്‍ ആയിരുന്നു. 2019 ല്‍ പാക്കിസ്ഥാന്റെ നാലാം തലമുറയില്‍പ്പെട്ട യുഎസ് നിര്‍മിത എഫ്16 വിമാനത്തെ വെടിവച്ചിട്ടതിന്റെ നേട്ടവും മിഗ് 21 നുണ്ട്. സേനയുടെ ശക്തിയായി തുടര്‍ന്നപ്പോള്‍ത്തന്നെ തുടര്‍ച്ചയായ അപകടങ്ങള്‍ മിഗ് 21 വിമാനങ്ങളുടെ ശോഭകെടുത്തി. ആറ് പതിറ്റാണ്ടിനിടെ 400ലേറെ അപകടങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിവരം. 100 ലേറെ പൈലറ്റുമാരും സാധാരണക്കാരും മരിച്ചു. കാലപ്പഴക്കത്തെ ഇവ ഒഴിവാക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയര്‍ന്നിരുന്നു.
29 സ്ക്വാഡ്രനില്‍ ഒതുങ്ങി വിമാനക്കരുത്ത് മിഗ് 21 സ്ക്വാഡ്രന്‍ ഇല്ലാതാകുമ്പോള്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ കരുത്ത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാകും 29 സ്ക്വാഡ്രന്‍. നിലവിലെ സാഹചര്യത്തില്‍ വ്യോമസേനയ്ക്ക് 42 സ്ക്വാഡ്രനുകള്‍ വേണമെന്നാണ് വിലയിരുത്തല്‍. പ്രവര്‍ത്തിക്കുന്നത് 31 എണ്ണവുമാണ്. സെപ്റ്റംബറില്‍ ഇതു 29 ആയി ചുരുങ്ങും. 1618 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓരോ സ്ക്വാഡ്രനും. മിഗ് 21 വിമാനങ്ങള്‍ക്കു പകരമുള്ള തേജസ് വിമാനങ്ങള്‍ ലഭിക്കുന്നത് വൈകിയതാണ് കരുത്തു കുറയാനുള്ള കാരണം.