ഹരിപ്പാട് വിഎസിനെ കാണാനെത്തി രമേശ് ചെന്നിത്തല

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 17 മണിക്കൂറുകള്‍ പിന്നിടുകയാണ്. ഏഴ് മണിയോടെയാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിലെത്തിയത്. വിലാപയാത്ര ആലപ്പുഴയിലേക്ക് പ്രവേശിക്കുമ്പോള്‍ വഴിയോരങ്ങളില്‍ അദ്ദേഹത്തെ അവസാനായി കാണാന്‍ കാത്ത് നില്‍ക്കുന്ന മനുഷ്യ സാഗരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു.

സ്വന്തം നാടായ ഹരിപ്പാടാണ് വഴിയോരത്ത് വിഎസിനെ അവസാനമായി കാണാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം രമേശ് ചെന്നിത്തലയും നിന്നത്. അന്ത്യയാത്രയല്ലേ സ്വന്തം നാട്ടിലൂടെ അവസാനമായി വരുമ്പോള്‍ സ്വീകരിക്കാന്‍ നില്‍ക്കുകയാണെന്ന് രമേശ് ചെന്നിത്തല   പറഞ്ഞു.


'ജനങ്ങളോടൊപ്പം ജീവിച്ച നേതാവാണ്. സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങള്‍ക്ക് എന്നും ഒരു പ്രതീക്ഷയായിരുന്നു വിഎസ്. വ്യക്തിപരമായി ഞാനുമായി നല്ല ബന്ധമായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു. അത് വേറെ കാര്യമാണ്. അദ്ദേഹവുമായുള്ള അടുപ്പം അവസാനം വരെ കാത്തു സൂക്ഷിച്ചിരുന്നു. അദ്ദേഹം ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ എല്ലാ ദിവസവും അരുണിനെ വിളിച്ച് ആരോഗ്യവിവരം വിളിച്ച് അന്വേഷിക്കുമായിരുന്നു. അദ്ദേഹത്തിന്റെ അവസാനയാത്രയല്ലേ. നമ്മുടെ നാട്ടിലൂടെ കടന്നു പോകുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനായി നില്‍ക്കുയാണ്,' രമേശ് ചെന്നിത്തല പറഞ്ഞു.

23-Jul-2025