മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടും

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനം. വംശീയ കലാപം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണം ഉയർന്നതോടെ മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചതിന് പിന്നാലെയാണ് മണിപ്പുരിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നത്. ഇതുസംബന്ധിച്ച പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. ഓഗസ്റ്റ് 13 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. രാഷ്ട്രപതി ഭരണം നീട്ടുന്നതിൽ മണിപ്പൂർ ബിജെപിയിൽ അതൃപ്തിയുണ്ടെന്നാണ് സൂചന.

2023 മേയിലാണ് മെയ്തി, കുകി വിഭാഗങ്ങള്‍ തമ്മില്‍ കലാപം തുടങ്ങിയത്. മെയ്തികളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന മണിപ്പൂർ ഹൈക്കോടതി ഉത്തരവോടെയാണ് തുടക്കം. ഇതിനെതിരെ 2023 മേയ് 3 ന് ചുരാചന്ദ്പുരിൽ നടന്ന മാർച്ചോടെയാണ് കലാപം ആരംഭിച്ചത്.

 

25-Jul-2025