ഗോവിന്ദചാമി ജയിൽചാടിയ സംഭവം: നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഗോവിന്ദചാമി ജയിൽചാടിയ സംഭവത്തിൽ ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി എഡിജെപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു. വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയിൽ ചാടിയതെന്ന് ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.

പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂർ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ പൊലീസ് പിടിച്ചത് തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ നിന്ന്. ​ഗോവിന്ദച്ചാമിയെ കിണറ്റിൽ നിന്നും കയർകെട്ടി പൊക്കിയെടുക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നു. ജയിലിൽ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി നാട്ടുകാർ കാണുകയായിരുന്നു.

ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാൾ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ തെരച്ചിലിലാണ് തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ നിന്ന് ​ഗോവിന്ദച്ചാമിയെ പിടിച്ചത്.

25-Jul-2025