വൈദ്യുതി അപകടമുണ്ടായാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
അഡ്മിൻ
വൈദ്യുതി അപകടമുണ്ടായാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി ഉള്‍പ്പെടെ സ്വീകരിക്കും. മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നടപടി. അടുത്തിടെ ഉണ്ടായ അപകടങ്ങളില്‍ ആറ് പേര് മരിച്ചു. ഈ അപകടങ്ങളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.
തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി മുഖ്യ സുരക്ഷാ കമ്മിഷണര്‍ നടത്തിയ അന്വേഷണത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തിട്ടില്ല. സ്കൂളിന് മുകളിലൂടെയുള്ള ലൈന്‍ അപകടകരമാണെന്നും മാറ്റണമെന്നും ഇതിനായി പോസ്റ്റ് അനുവദിക്കണമെന്നും കെഎസ്ഇബി ജീവനക്കാര്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള നടപടിയുണ്ടാകുന്നതിന് മുന്‍പ് അപകടമുണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് കിട്ടാനുണ്ട്. അതില്‍ വീഴ്ച വ്യക്തമായാല്‍ നടപടി ഉണ്ടാകും.
വൈദ്യുതി സുരക്ഷയെപ്പറ്റി അവലോകനം ചെയ്യാന്‍ കളക്ടര്‍ ചെയര്‍മാനും ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ കണ്‍വീനറുമായി ജില്ലാതല സമിതിയും എംഎല്‍എമാരുടെയും വാര്‍ഡ് മെമ്പറുടെയും നേതൃത്വത്തില്‍ ജാഗ്രതാ സമിതികളും രൂപവല്കരിക്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ സമിതികള്‍ യോഗം ചേരാറില്ല. ഇവ ഓഗസ്റ്റ് 15 ന് മുന്‍പ് വിളിച്ചുചേര്‍ക്കണം. വൈദ്യുതലൈനുകളുടെ പരിശോധന, അപകടസാധ്യത, തുടര്‍നടപടി എന്നിവ രേഖപ്പെടുത്താന്‍ സോഫ്റ്റ്വെയര് തയ്യാറാക്കണമെന്ന കെഎസ്ഇബി ചെയര്മാന് മിര്‍ മുഹമ്മദ് അലിയുടെ നിര്‍ദേശം അംഗീകരിച്ചു.