കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം ദുഃഖകരം: മന്ത്രി വി ശിവൻകുട്ടി
അഡ്മിൻ
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ , കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും മൗനം അപകടകരവും ദുഃഖകരവുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വർണക്കിരീടം സമ്മാനിക്കാൻ പോയ സുരേഷ് ഗോപിക്ക് ഈ വിഷയത്തിൽ മൗനം പാലിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് ശിവൻകുട്ടി ചോദിച്ചു.
ജോർജ് കുര്യനും ഈ വിഷയത്തിൽ ഒളിച്ചുകളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ബിജെപിയുടെ ന്യൂനപക്ഷ സ്നേഹം കാപട്യമാണെന്ന് ഈ സംഭവം ഒരിക്കൽക്കൂടി അത് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരേന്ത്യയിലും കേരളത്തിലും വ്യത്യസ്ത ബിജെപി ഇല്ലെന്നും, കേരളത്തിൽ അവർ മുഖംമൂടി അണിഞ്ഞിരിക്കുകയാണെന്നും, അവസരം കിട്ടിയാൽ യഥാർത്ഥ മുഖം വെളിപ്പെടുത്തുമെന്നും ശിവൻകുട്ടി പറഞ്ഞു.
ഇപ്പോൾ കന്യാസ്ത്രീകളെയാണ് വേട്ടയാടുന്നതെങ്കിൽ അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഛത്തീസ്ഗഢിൽ ന്യൂനപക്ഷവേട്ട ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും കോൺഗ്രസ് ഭരണകാലത്തും ഇത്തരം നടപടികൾ ഉണ്ടായിട്ടുണ്ടെന്നത് ഗൗരവകരമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.