രാജാവ് എന്ന ആശയത്തോട് തന്നെ എതിര്‍പ്പാണെന്ന് രാഹുല്‍ ഗാന്ധി
അഡ്മിൻ
താന്‍ രാജാവല്ലെന്നും തനിക്ക് രാജാവാകാന്‍ ആഗ്രഹമില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജാവ് എന്ന തരത്തിലുള്ള ആ ആശയത്തോട് തന്നെ വിയോജിപ്പാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ‘ഭരണഘടനാപരമായ വെല്ലുവിളികള്‍: കാഴ്ചപ്പാടുകളും വഴികളും’ എന്ന വിഷയത്തില്‍ നടന്ന ഏകദിന കോണ്‍ക്ലേവിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്.
രാഹുല്‍ ഗാന്ധി പ്രസംഗം തുടങ്ങിയ ഉടന്‍ തന്നെ ഡല്‍ഹിയിലെ വിജ്ഞാന് ഭവനിലെ സദസ്സ് ‘ഇസ് ദേശ് കാ രാജാ കൈസാ ഹോ, രാഹുല്‍ ഗാന്ധി ജൈസാ ഹോ’ (ഈ ദേശത്തിന്റെ രാജാവ് എങ്ങനെ ആകണം രാഹുല്‍ ഗാന്ധി എങ്ങനെയോ അതുപോലെ) എന്ന മുദ്രാവാക്യം മുഴക്കി.
മുദ്രാവാക്യം നിര്‍ത്താന്‍ ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി ഉടന്‍ തന്നെ ഇതിന് നല്കിയ മറുപടി താന്‍ രാജാവ് എന്ന ആശയത്തിന് തന്നെ എതിരാണെന്നായിരുന്നു.‘വേണ്ട വേണ്ട ബോസ്, ഞാന്‍ രാജാവല്ല. എനിക്ക് രാജാവാകാനും ആഗ്രഹമില്ല. ഞാന്‍ രാജാവിനും ആ ആശയത്തിനും എതിരാണ്.’
നരേന്ദ്ര മോദിയെ പലകുറി രാജാവ് എന്ന് വിളിച്ചു പരിഹസിച്ചിട്ടുള്ള രാഹുല്‍ ഗാന്ധി താന്‍ രാജാവ് എന്ന ആശയത്തിന് എതിരാണെന്നും ജനാധിപത്യത്തിന് ഒപ്പമാണെന്നും ആവര്‍ത്തിക്കുകയായിരുന്നു ഈ അവസരത്തില്‍. ജനങ്ങളുടെ ശബ്ദം കേള്‍ക്കാതെ തന്റെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തെ നോക്കി ഇത് രാജവാഴ്ചയാണെന്ന് പറയുന്ന ഇടത്ത് താന്‍ അതേ രാജാവാകാനുള്ള ശ്രമം നടത്തില്ലെന്ന് കൂടി വ്യക്തമാക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.