സഹോദരനെതിരായ ലഹരിക്കേസില്‍ പ്രതികരിച്ച് പി.കെ. ഫിറോസ്

സഹോദരനെതിരായ ലഹരിക്കേസില്‍ പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. സഹോദരന് ഏതെങ്കിലും തരത്തില്‍ പൊലീസ് ആരോപിക്കുന്ന തരത്തിലുള്ള ലഹരിക്കേസുമായി ബന്ധമുണ്ടെങ്കില്‍ അതില്‍ ഒരിക്കലും താനോ മാതാപിതാക്കളോ ഇടപെടില്ലെന്ന് പി.കെ. ഫിറോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സഹോദരന്‍ കുറ്റക്കാരനാണെങ്കില്‍ മാതൃകാപരമായ ശിക്ഷ ലഭിക്കട്ടെ. അതിനകത്ത് ഒരു ഇടപെടലും നടത്താന്‍ താനോ കുടുംബമോ ആഗ്രഹിക്കുന്നില്ലെന്ന് പികെ ഫിറോസ് പറഞ്ഞു. തന്റെ സഹോദരനെ ഇറക്കാന്‍ ഒരു യൂത്ത് ലീഗ് നേതാവ് പോലും പോയിട്ടില്ലെന്നും പി.കെ. ഫിറോസ് പറഞ്ഞു.

പി.കെ. ഫിറോസിന്റെ സഹോദരന്‍ പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബുജൈറിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് റിയാസ് തൊടുകയില്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് പി.കെ. ബുജൈറിനും ബന്ധമുണ്ടെന്ന് മൊഴി നല്‍കിയത്.

ബുജൈറിനെതിരെ ബിഎന്‍എസ് 132, 121 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനിടെ പൊലീസിനെ ആക്രമിച്ചിരുന്നു. ബുജൈറിന്റെ കൈയ്യില്‍ നിന്ന് മയക്കു മരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

03-Aug-2025