കുട്ടികൾക്കെതിരായ അക്രമം വെച്ചുപൊറുപ്പിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി
അഡ്മിൻ
കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ ഒരു സമഗ്ര കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ നേരിടുന്ന അതിക്രമം വെച്ച് പൊറുപ്പിക്കില്ലെന്നും കുട്ടിക്കുള്ള സംരക്ഷണം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആലപ്പുഴ ചാരുംമൂടില്‍ പിതാവും രണ്ടാനമ്മയും ഉപദ്രവിച്ച കുഞ്ഞിനെ കണ്ടതിന് ശേഷമാണ് മന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തത്.
പിതാവും രണ്ടാനമ്മയും ഉപദ്രവിച്ച കുട്ടി കുറെ കാര്യങ്ങള്‍ പറഞ്ഞെന്നും ഒരുപാട് പ്രയാസങ്ങള്‍ കുട്ടി അനുഭവിച്ചെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ‘വല്ലാത്ത വിഷമം തോന്നുന്ന ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. പോകാന്‍ കുട്ടി അനുവദിച്ചില്ല. കുട്ടി എന്റെ കയ്യില്‍ കയറി പിടിച്ചു. ഐഎഎസ്‌കാരി ആകാനാണ് ആഗ്രഹമെന്ന് കുട്ടി പറഞ്ഞു. ഇത്തരത്തിലുള്ള പല സംഭവങ്ങളും പുറംലോകം അറിയുന്നില്ല. സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തും’, അദ്ദേഹം പറഞ്ഞു.
‘എങ്ങനെ മാതാപിതാക്കള്‍ കുട്ടികളോട് ഇങ്ങനെ ക്രൂരത കാണിക്കുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാകര്‍മ്മ പദ്ധതി ആവിഷ്‌കരിക്കും. ക്രൂരത കാണിക്കുന്ന മാതാപിതാക്കള്‍ക്ക് തോന്നണം തങ്ങള്‍ക്ക് സമൂഹത്തില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന്. പലപ്പോഴും കുട്ടികള്‍ക്ക് പരാതിപ്പെടാന്‍ ഭയമാണ്, ഭയപ്പാടോടെയാണ് പല കുട്ടികളും കാര്യം പറയുന്നത്’, മന്ത്രി പറഞ്ഞു.