ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി നിഷേധിച്ചതിലൂടെ പാകിസ്ഥാന് നഷ്ടം 14.39 ബില്യണ്‍ ഡോളര്‍

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ചതിലൂടെ പാകിസ്ഥാന് കനത്ത നഷ്ടം. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് 14.39 ബില്യണ്‍ ഡോളര്‍ (ഏകദേശം 125 കോടി രൂപ) നഷ്ടമാണുണ്ടായതെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് പാകിസ്ഥാനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

പ്രതിദിനം 100-150 ഇന്ത്യന്‍ വിമാന സര്‍വീസുകളാണ് പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിച്ചിരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ 2025 ഏപ്രില്‍ 24 ന് ഈ വ്യോമപാത പാകിസ്ഥാന്‍ നിരോധിച്ചു. ഇതോടെ ഗള്‍ഫ്, യൂറോപ്പ് മേഖലകളിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ വളഞ്ഞ ആകാശപാത സ്വീകരിച്ച് പാകിസ്ഥാന്‍ ഒഴിവാക്കിയാണ് പറക്കുന്നത് . ഇതോടെ പാകിസ്ഥാന്‍ വ്യോമമേഖലയിലൂടെയുള്ള മൊത്തം വ്യോമഗതാഗതത്തില്‍ 20 ശതമാനം കുറവാണുണ്ടായത്.

പാക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഓവര്‍ഫ്‌ളൈയിംഗ് ഫീസ് വരുമാനത്തില്‍ ഇതോടെ ഗണ്യമായ കുറവുണ്ടായി. പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഇക്കാര്യം സ്ഥിരീകരിച്ചു.

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമാതിര്‍ത്തി അടച്ചുപൂട്ടല്‍ 2025 ഓഗസ്റ്റ് 24 വരെ തുടരുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ആഭ്യന്തര വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇന്ത്യയും ഓഗസ്റ്റ് 23 വരെ നീട്ടി.

10-Aug-2025