ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. കേസിൽ ഉള്‍പ്പെട്ട റാപ്പര്‍ വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസ് രജിസ്റ്റർ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും വേടനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
അതേസമയം മുൻകൂർ ജാമ്യാപേക്ഷയുമായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ വിമാനത്താവളം വഴിയടക്കം വേടൻ യാത്ര ചെയ്യാൻ ശ്രമിച്ചാൽ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയിലെടുക്കാനാകും. ബലാത്സംഗ കേസിൽ വേടൻ ഒളിവിൽ പോയതോടെ കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന സംഗീത പരിപാടി മാറ്റിവെച്ചിരുന്നു. പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം.
സംഭവത്തിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല ഉള്ളത്. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 18നാണ് കോടതി പരിഗണിക്കുന്നത്.