കളമശ്ശേരിയിലെ മാലിന്യക്കൂമ്പാരം ബയോ മൈനിങിലൂടെ നീക്കും: മന്ത്രി പി. രാജീവ്

കളമശ്ശേരി നഗരത്തിലെ മാലിന്യ കൂമ്പാരം ബയോ മൈനിങ്ങിലൂടെ ഒഴിവാക്കാനുള്ള പ്രത്യേക പദ്ധതി നടപ്പിലാക്കിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. എടയാർ വ്യവസായം മേഖലയിൽ ബയോ പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.മാലിന്യം നീക്കം ചെയ്യുന്നതിനായി 9 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അജൈവമാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുന്നതിനും ജൈവമാലിന്യ സംസ്കരണത്തിനുമായാണ് 2024- 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഇടയാർ വ്യവസായ മേഖലയിൽ ബയോ പാർക്കിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

മാലിന്യ സംസ്കരണം കുട്ടികളിൽ നിന്ന് തുടങ്ങണം. എന്താണ് മാലിന്യം, എങ്ങനെ സംസ്കരിക്കണം തുടങ്ങിയ കാര്യങ്ങൾ ചിത്രകഥാരൂപത്തിൽ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ രണ്ട് വർഷമായി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എം സി എഫ് നിർമിക്കുന്നതിനാവശ്യമായ സ്ഥലം മന്ത്രി പി. രാജീവിന്റേയും, മുൻ ജില്ലാകളക്ടര്‍ എന്‍.എസ്.കെ. ഉമേഷിൻ്റെയും ഇടപെടലിനെ തുടർന്നാണ് ഗ്രാമപഞ്ചായത്തിന് എടയാർ വ്യവസായ മേഖലയിൽ പെരിയാർ തീരത്ത് 5 കോടി രൂപ വില മതിയ്ക്കുന്ന ഒരേക്കര്‍ സ്ഥലം ലഭ്യമാക്കി. 1 കോടി40 ലക്ഷം രൂപ വകയിരുത്തിയാണ് ബയോ പാർക്ക് ഒരുങ്ങുന്നത്. ബയോ പാർക്കിൽ ജൈവമാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനും,കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരുടെ ഡയപ്പറുകളും,മുത്രസഞ്ചി ഉൾപ്പെടെയുള്ളവ സംസ്ക്കരിക്കുന്നതിനും പുകയില്ലാത്ത ഇൻസിനേറ്റർ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിയും പഞ്ചായത്ത് നടപ്പാക്കും.

11-Aug-2025