വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ല; പൊലീസില്‍ പരാതി നല്‍കി പട്ടികവര്‍ഗ മോര്‍ച്ച

വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കഴിഞ്ഞ മൂന്നുമാസമായി കാണാനില്ലെന്ന് പരാതി. പട്ടികവര്‍ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ വയനാട് പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി.

പരാതി ഇങ്ങനെ: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി പ്രിയങ്ക ഗാന്ധി എന്ന പ്രിയങ്ക വദേരയെ കഴിഞ്ഞ മൂന്നു മാസമായി കാണാനില്ല.കേരളത്തില്‍ ഏറ്റവും വലിയ ദുരന്തം ചൂരല്‍മലയില്‍ നടന്നിട്ട് നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും കോടിക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഈ സ്ഥലത്ത് എവിടെയും എം പി യെ കാണാന്‍ സാധിച്ചില്ല.

ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന ജില്ലയാണ് വയനാട്. ആദിവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ സ്ഥലം എം പി യുടെ സാന്നിധ്യമില്ല.അതുകൊണ്ട് തന്നെ ഞങ്ങളുടെ എംപിയെ കാണാതായതായി ഞങ്ങള്‍ക്ക് ബോധ്യമുണ്ട്.

ആയതിനാല്‍ ബഹുമാനപ്പെട്ട പൊലീസ് സൂപ്രണ്ട് ഈ പരാതി സ്വീകരിച്ച് ഞങ്ങളുടെ എം പി ആയ ശ്രീമതി പ്രിയങ്ക ഗാന്ധിയെന്ന പ്രിയങ്ക വധേരയെ കണ്ടെത്തി തരണമെന്ന് അപേക്ഷിക്കുന്നു – പരാതിയില്‍ പറയുന്നു.

11-Aug-2025