ആർഎസ്എസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ. ഗവർണർ ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ വച്ചതുമായി ബന്ധപ്പെട്ട വിവാദം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ വിമർശനം. സി സദാനന്ദൻ വധശ്രമ കേസില്‍ 8 സിപിഎം പ്രവര്‍ത്തകരെ ജയിലില്‍ അടച്ച സംഭവത്തില്‍ സിപിഎം പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഉരുവച്ചാല്‍ ടൗണില്‍ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതാംബയെന്ന പേരില്‍ ഏതോ ഒരു സ്ത്രീയുടെ കൈയ്യില്‍ കാവി കൊടി പിടിപ്പിച്ചു ഔദ്യോഗിക പരിപാടികള്‍ക്കു മുന്നോടിയായി തൊഴുകയാണ് രാജ്ഭവനില്‍ നിന്ന് ഗവര്‍ണർ എന്നായിരുന്നു ജയരാജന്റെ വിമർശനം. ഇന്ത്യയില്‍ തങ്ങള്‍ ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ ആര്‍എസ്എസുകാരായ ഗവര്‍ണര്‍മാരെ ഉപയോഗിച്ചു തങ്ങളുടെ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണവരെന്നും ജയരാജൻ ആരോപിക്കുന്നു.
" രാജ്ഭവനില്‍ ഏതോ ഒരു സ്ത്രീ കൈയില്‍ കാവിക്കൊടിയേന്തിയ ചിത്രത്തിന് പുഷ്‌പാര്‍ച്ചന അര്‍പ്പിച്ചു തൊഴുന്നു. എന്തെങ്കിലും ചേലുള്ള പതാകയാണോയത്? അദ്ദേഹം ചോദിക്കുന്നു. ആര്‍എസ്എസിന്റെ പതാക കോണകം പോലെയാണ് തോന്നുന്നത്. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യം ഉയര്‍ത്തിപ്പിടിച്ച് ഗവര്‍ണറുടെ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയത് കേരളത്തിന്റെ അഭിമാനമുയര്‍ത്തി; ജയരാജൻ പറഞ്ഞു.
രാജ്ഭവനിൽ ഗവർണർ നടത്തുന്ന പരിപാടിയിൽ ഈ ചിത്രം ഉപയോഗിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ജയരാജൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ അല്ല, മോദി കമ്മീഷനാണ് പ്രവർത്തിക്കുന്നത്. നിലവിൽ വോട്ടർ പട്ടികയിലുള്ളവരുടെ പേരുകൾ ഇന്ത്യക്കാരല്ലെന്ന് പറഞ്ഞ് വെട്ടാൻ നോക്കുകയാണ് അവരെന്നും കഴിഞ്ഞ ദിവസത്തെ വിവാദങ്ങൾ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
സി സദാനന്ദനെയും ജയരാജൻ വിമർശിച്ചു. കമ്മ്യൂണിസ്‌റ്റുകാരെ ജയിലിലാക്കി എംപിയായി വിലാസമെന്ന് ആരും കരുതേണ്ട. അത് മനസില്‍വെച്ചാല്‍ മതിയെന്നും ഫണ്ട് മുക്കിയിട്ടല്ല എട്ട് സഖാക്കള്‍ ജയിലില്‍ പോയതെന്നും ജയരാജന്‍ പ്രസംഗത്തിനിടെ പറഞ്ഞു. ശരിയുടെ പക്ഷത്തുനിന്ന് ജയിലില്‍ പോകാന്‍ മടിയില്ലെന്നും ക്രിമിനല്‍ പ്രവര്‍ത്തനമാണോ എംപി ആകാനുളള യോഗ്യതയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു