ധർമ്മസ്ഥല ; ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ട സ്പോട്ടിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന നടത്തും

ധർമസ്ഥലയിൽ ഇന്ന് മുതൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന നടത്തും. നേത്രാവതി സ്നാനഘട്ടത്തോട് ചേർന്ന പതിമൂന്നാം നമ്പർ സ്പോട്ടിലാകും പരിശോധന നടക്കുക. ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി മൊഴി നൽകിയ സ്പോട്ടാണിത്. ഈ സ്പോട്ട് വർഷങ്ങൾക്ക് മുൻപ് മണ്ണിട്ട് ഉയർത്തിയിരുന്നു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

ശുചീകരണ തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടതായായി സ്ത്രീ വെളിപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിൻ്റെ അടുത്തെത്തിയാണ് സ്ത്രീ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. വെള്ളിയാഴ്ച പരിശോധന നടത്തിയ ബോളിയാർ വനമേഖലയ്ക്കടുത്ത് ശുചീകരണ തൊഴിലാളി മ‍ൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് ഇവർ പറയുന്നത്. മ‍ൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണ തൊഴിലാളി വീട്ടിലെത്തി വെള്ളം കുടിച്ചെന്നും കുഴിയെടുക്കാൻ ഉപയോഗിച്ച തൂമ്പ കഴുകിയതായും അന്വേഷണസംഘത്തിന് സ്ത്രീ മൊഴി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ദിവസം ആറുപേർ ഇത്തരത്തിൽ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരുന്നു. നേത്രാവതി സ്നാനഘട്ടിന് സമീപം രേഖപ്പെടുത്തിയ 13–ാം സ്പോട്ടിൽ ശുചീകരണ തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നെന്നാണ് ഇവർ അന്വേഷണസംഘത്തിനു മൊഴി നൽകിയത്.

12-Aug-2025