വിസി നിയമനം; സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പത്തു പേരടങ്ങിയ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക സുപ്രീം കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചേക്കും. താൽകാലിക വിസി നിയമനത്തില്‍ ഇന്നലെയാണ് സുപ്രീം കോടതി വാദം കേട്ടത്. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള പാനല്‍ ഗവര്‍ണറോടും സര്‍ക്കാരിനോടും നിര്‍ദേശിക്കാനാണ് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നത്.

വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാനല്‍ അംഗങ്ങളെ നിര്‍ദേശിക്കുന്നതിന് ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും എന്നാണ് വിവരം. ഐഐടിയിലെ വിദഗ്ധരടക്കം 20 പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അനുവാദം കൂടി വാങ്ങിയതിന് ശേഷം അന്തിമ പട്ടിക തിങ്കളാഴ്ച സമർപ്പിക്കാമെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിക്കും. കമ്മിറ്റിയിലെ അംഗങ്ങളെ ഗവര്‍ണര്‍ക്കും കേരള സര്‍ക്കാരിനും നിര്‍ദേശിക്കാം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പേരുകൾ ഇന്നു നല്‍കണം എന്നാണ് കോടതി പറഞ്ഞിരുന്നത്.

ഗവർണർക്കെതിരായി കേരള സര്‍ക്കാര്‍ നല്‍കിയ ഹർജിയാണ് സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്. ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോർണി ജനറൽ കോടതിയില്‍ പറഞ്ഞത്. നിലവിലെ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.

14-Aug-2025