ഒമ്പത് വർഷം കൊണ്ട് നാലേകാൽ ലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി: മന്ത്രി കെ രാജൻ

കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ നാലേകാൽ ലക്ഷം ജനങ്ങളെ ഭൂമിയുടെ അവകാശികളാക്കിയതായി റവന്യൂ ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ചെങ്ങന്നൂർ റവന്യൂ ടവർ നിര്‍മ്മാണോദ്ഘാടനം പഴയ താലൂക്ക് ഓഫീസ് അങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിലെ ഏറ്റവും പ്രധാന പ്രത്യേകത സാമൂഹ്യനീതിയിൽ ഉറച്ചുനിന്ന് ഭൂവിതരണത്തിന് നേതൃത്വം നൽകിയെന്നതാണ്. ഈ വർഷം തന്നെ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടമായ എല്ലാവരെയും പുതിയ വീട്ടിലേക്ക് പ്രവേശിപ്പിക്കും. 'എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന മുഖ മുദ്രാവാക്യത്തോടെ കേരളത്തിന്റെ റവന്യൂ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയെന്ന ഏറ്റവും ശ്രമകരവും ശ്രദ്ധേയവുമായ പ്രവർത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുന്നത്.

ചെങ്ങന്നൂരിൽ യാഥാർത്ഥ്യമാകാനൊരുങ്ങുന്ന റവന്യൂ ടവർ കേരളത്തിലെ മറ്റ് ടവറുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. സമീപകാലത്ത് നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചാണ് ഇതിൻ്റെ നിർമ്മാണം. വലിയ പ്രകൃതി ദുരന്തങ്ങളുണ്ടായാലും അവയെല്ലാം തരണം ചെയ്യാൻ കഴിയുന്ന രക്ഷാപ്രവർത്തന കേന്ദ്രമാകാൻ പുതിയ റവന്യൂ ടവർ നിർമ്മാണം പൂർത്തിയാകുന്നതോടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെങ്ങന്നൂർ താലൂക്കിലെ പട്ടയങ്ങളുടെ വിതരണവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു. രണ്ടു വീതം എൽ എ, എൽ ടി പട്ടയങ്ങളും നാല് കൈവശ രേഖകളുമാണ് വിതരണം ചെയ്തത്. 40 ലക്ഷം രൂപ ചെലവിൽ നിർമ്മാണം ആരംഭിക്കുന്ന പുലിയൂർ വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്‌ഘാടനവും മന്ത്രി നിർവഹിച്ചു.

പരിപാടിയിൽ ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. നിരന്തര പരിശ്രമത്തിന്റെ വിജയമാണ് ചെങ്ങന്നൂർ റവന്യൂ ടവർ നിർമ്മാണോദ്ഘാടനത്തോടെ യാഥാർത്ഥ്യമായതെന്ന് മന്ത്രി പറഞ്ഞു. ആർഡിഒ ഓഫീസ് റവന്യൂ ടവറിലേക്ക് മാറ്റിയ ശേഷം നിലവിൽ ആർഡിഒ ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് മിനി പാർക്ക് നിർമ്മിക്കും. ഈ സർക്കാരിൻ്റെ കാലത്ത് എല്ലാ വില്ലേജ് ഓഫീസുകൾക്കും പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചുവെന്ന് മന്ത്രി പറഞ്ഞു.

ചെറിയനാട് വില്ലേജ് ഓഫീസ് കൂടി യാഥാർത്ഥ്യമാകുന്നതോടെ ചെങ്ങന്നൂരിലെ എല്ലാ വില്ലേജ് ഓഫീസുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് വില്ലേജ് ഓഫീസുകളായി തീരും. മണ്ഡലത്തിൽ പൂർത്തീകരിച്ചിട്ട റോഡുകളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലുള്ളവയാണ്. ആരും കേറാതിരുന്ന ചെങ്ങന്നൂർ റെസ്റ്റ് ഹൗസിൽ നിരവധി പേരാണ് ഇപ്പോൾ താമസിക്കുന്നത്.

സമ്പൂർണ്ണ കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക് എത്തുകയാണ്. ശബരിമല ഇടത്താവളത്തിന്റെ നിർമാണവും അന്തിമ ഘട്ടത്തിലാണ്. പുതിയ കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. പുതിയ തീയേറ്റർ സമുച്ചയത്തിനുള്ള 75 സെന്റ് സ്ഥലം ഇറിഗേഷൻ വകുപ്പ് നൽകിയതായും ഇതിന്റെ ഡിപിആർ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 90 മുറികളുള്ള പുതിയ വർക്കിങ് വിമൻസ് ഹോസ്റ്റൽ, 1000 ത്തിലധികം പേർക്കിരിക്കാവുന്ന രണ്ട് ഓഡിറ്റോറിയങ്ങൾ എന്നിവ ചെങ്ങന്നൂരിൽ നിർമ്മിക്കും. കഴിഞ്ഞ 50 വർഷം കൊണ്ട് കഴിയാത്ത വികസനമാണ് ഒമ്പത് വർഷം കൊണ്ട് പിണറായി വിജയൻ സർക്കാർ നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.

14-Aug-2025