കേരളത്തിലേത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ : മന്ത്രി പി. രാജീവ്
അഡ്മിൻ
സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കളമശ്ശേരി മണ്ഡലത്തിൽ ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി കളമശ്ശേരി സെൻറ് പോൾസ് കോളേജിൽ നടന്ന എഫ് പി ഒ സ്റ്റാർട്ടപ്പുകളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയിൽ നിരവധി സ്റ്റാർട്ടപ്പുകളാണ് പുതുതായി വന്നുകൊണ്ടിരിക്കുന്നത്. സർക്കാർ അവർക്കാവശ്യമായ സാമ്പത്തിക പിന്തുണ, സാങ്കേതിക പിന്തുണ, കാർഷിക സംരംഭങ്ങൾക്ക് പ്രത്യേക മുൻഗണന തുടങ്ങി എല്ലാ പ്രോത്സാഹനങ്ങളും നൽകി വരികയാണെന്ന് മന്ത്രി പറഞ്ഞു
കാമ്പസുകൾക്കുള്ളിലുള്ള സംരംഭങ്ങൾക്കും സർക്കാർ ആവശ്യമായ പ്രോത്സാഹനം നൽകിവരുന്നു. കാമ്പസുകൾക്കുള്ളിൽ വരുന്ന ഇൻകുബേഷൻ സെൻ്ററുകൾ, കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്, വ്യവസായശാലകളിൽ കുട്ടികൾക്ക് നൽകിവരുന്ന ഇന്റേൺഷിപ്പുകൾ എന്നിവയെല്ലാം സംരംഭകത്വത്തെ ശക്തിപ്പെടുത്തും എന്നും മന്ത്രി പറഞ്ഞു.
കൃഷിക്ക് ഒപ്പം കളമശ്ശേരി മണ്ഡലത്തിൽ കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തൃതല പഞ്ചായത്ത്,സഹകരണ പ്രസ്ഥാനങ്ങൾ, കൃഷിവകുപ്പ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ഇറിഗേഷൻ, സോയിൽ കൺസർവേഷൻ, തുടങ്ങി എല്ലാ വകുപ്പുകളുടെയും ഏകോപനമാണ് കൃഷിക്ക് ഒപ്പം കളമശ്ശേരി. കാർഷിക ഉത്പാദനവും വിപണവും പോലെ തന്നെ ഉപഭോഗവും ഉണ്ടായാൽ മാത്രമേ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണകരമാവു എന്നും മന്ത്രി പറഞ്ഞു
സംസ്ഥാന സർക്കാരിന്റെ കർഷക സ്റ്റാർട്ടപ്പ് പുരസ്കാരം നേടിയ ദേവൻ ചന്ദ്രശേഖരനെ (കളമശ്ശേരി ) മന്ത്രി ചടങ്ങിൽ ആദരിച്ചു. എഫ് പി ഓകളുടെ പ്രവർത്തനങ്ങളും നിലനിൽക്കേണ്ടതിന്റെ ആവശ്യതകളും എന്ന വിഷയത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ്, നബാർഡ് ഡി ഡി എം അജീഷ് ബാബു തുടങ്ങിയവർ അവബോധ പരിപാടികൾക്ക് നേതൃത്വം നൽകി. കോഡിനേറ്റർ എംപി വിജയൻ ചർച്ച ക്രോഡീകരണം നടത്തി.