തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാം എന്നത് വ്യാമോഹമാണ്: മന്ത്രി കെ രാജൻ
അഡ്മിൻ
വോട്ട് ക്രമക്കേടിനെതിരെ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ രംഗത്ത്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യമായിരിക്കണമെന്നും വോട്ടര്‍ പട്ടിക വികലമാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് ദേശീയതയെ അട്ടിമറിക്കലാണെന്നും രാജന്‍ പറഞ്ഞു. മലപ്പുറം എംഎസ്പിയില്‍ നടന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങിലാണ് മന്ത്രിയുടെ വിമര്‍ശനം.
‘ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യവും കുറ്റമറ്റതുമാവണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടത്താനും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ചമച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയെ വികലമാക്കാനും ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ വെല്ലുവിളിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ്. തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാം എന്നത് വ്യാമോഹമാണ്. അത് ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സ്വീകാര്യമല്ല. അത് അനുവദിച്ചു കൊടുക്കാനും കഴിയില്ല’, കെ രാജന്‍ പറഞ്ഞു.
ഇന്ത്യയിലെ എല്ലാ ഭാഷകളും സംരക്ഷിക്കണമെന്നും ഒരു ഭാഷ ഒരു സംസ്‌കാരമാണെന്നും ഒരു ഭാഷ ഇല്ലാതാക്കല്‍ ഒരു സംസ്‌കാരത്തെ ഇല്ലാതാക്കലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശീയതയെ ചിലര്‍ തെറ്റായി വ്യാഖാനിക്കുന്നുവെന്നും എല്ലാവരെയും എല്ലാ വിവേചനങ്ങള്‍ക്കും അതീതമായി ഉള്‍ക്കൊള്ളുന്നതാണ് ദേശീയതയെന്നും അദ്ദേഹം പറഞ്ഞു.