ഗവർണർ ബില്ലുകൾ ദീർഘകാലം തടഞ്ഞുവെച്ചാൽ എന്താണ് പ്രതിവിധി; കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

ഗവർണർ ബില്ലുകൾ ദീർഘകാലം തടഞ്ഞുവെച്ചാൽ എന്താണ് പ്രതിവിധിയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. രാഷ്ട്രപതിയുടെ റഫറൻസിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. നിരവധി വർഷങ്ങളായി ബില്ലുകൾ കെട്ടിക്കിടക്കുന്ന ഒരു സാഹചര്യം നേരിടുമ്പോൾ ഭരണഘടനാപരമായി അനുവദനീയമായ മാർഗം എന്തായിരിക്കുമെന്നായിരുന്നു അറ്റോർണി ജനറലിനോട് സുപ്രീം കോടതി ചോദിച്ചത്.

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ വളരെക്കാലം കെട്ടിക്കിടക്കുന്ന നിലയിൽ ഗവർണർ സൃഷ്ടിച്ച ഗുരുതരമായ സാഹചര്യം കൈകാര്യം ചെയ്യാൻ വേണ്ടിയായിരിക്കാം ഗവർണർ കേസിലെ രണ്ടംഗ ബെഞ്ചിൻ്റെ വിധിയെന്നും സുപ്രീം കോടതി വാക്കാൽ ചൂണ്ടിക്കാണിച്ചു. ബില്ലുകൾക്ക് അനുമതി നൽകുന്നതായി കോടതി പ്രഖ്യാപിക്കുന്നത് തെറ്റാണെങ്കിൽ, അടുത്ത ഓപ്ഷൻ എന്തായിരിക്കണമെന്നും വാദം കേൾക്കുന്ന ബെഞ്ച് ആരാഞ്ഞു.


ഇത്തരമൊരു അനഭിലഷണീയമായ സാഹചര്യത്തിൽ പോലും ഗവർണറുടെ ചുമതലകൾ ഏറ്റെടുക്കാനും ബില്ലുകൾക്ക് അനുമതി പ്രഖ്യാപിക്കാനും കോടതിക്ക് കഴിയില്ലെന്നായിരുന്നു അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയുടെ വാദം. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദൂർക്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട കേസിലെ വിധി ന്യായത്തിൽ 2020 മുതൽ ബില്ലുകൾ തീർപ്പാക്കാതെ കിടക്കുകയാണെന്ന പ്രസ്താവന ശരിയാണോ എന്നും ജസ്റ്റിസ് സൂര്യകാന്ത് അറ്റോർണി ജനറൽ വെങ്കട്ടരമണിയോട് ചോദിച്ചു.

രാഷ്ട്രപതിയുടെ റഫറൻസ് കേന്ദ്ര സർക്കാരിന് വേണ്ടിയെന്നും സുപ്രീം കോടതി വിധിയെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും കേരളം വാദിച്ചിരുന്നു. ഭരണഘടന തിരുത്തി എഴുതാൻ സുപ്രീം കോടതിക്ക് കഴിയുമോയെന്നും ഭരണഘടന മാറ്റിയെഴുതാൻ അനുവദിക്കൂ എന്ന് പറയുമോയെന്നും അറ്റോർണി ജനറൽ സുപ്രിം കോടതിയിൽ ചോദിച്ചു. റഫറൻസ് നിലനിൽക്കുമെന്നും ബാബറി മസ്ജിദ് ഒഴികെയുള്ള എല്ലാ റഫറൻസിലും സുപ്രീം കോടതി മറുപടി നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വിശദീകരിച്ചു.

ബില്ലുകൾ ഒപ്പിടാൻ സമയപരിധി നിശ്ചയിച്ച തമിഴ്‌നാട് കേസിലെ വിധിയെ കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നുവെന്നും കേരളം വാദിച്ചു. രണ്ടംഗ ബെഞ്ചിന്റെ വിധിയിൽ ഭരണഘടനാ വിരുദ്ധതയില്ല. സുപ്രീം കോടതിയുടെ വിധി മാനിക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും ഭരണഘടനാപരമായ ബാധ്യതയുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 143ലെ റഫറൻസ് അധികാരത്തിന് തുല്യമായ അധികാരമാണ് അനുച്ഛേദം 141ലെ സുപ്രീം കോടതിയുടെ അധികാരപരിധിയെന്നും രാഷ്ട്രപതിയുടെ റഫറൻസ് നിലനിൽക്കില്ലെന്ന നിലപാടിനെ സാധൂകരിച്ച് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷൻ കെ കെ വേണുഗോപാൽ വാദിച്ചു.

റഫറൻസ് അധികാരം വിധി പുനഃപരിശോധിക്കാൻ ഉപയോഗിക്കാനാവില്ലെന്നും എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഗവർണർക്കെതിരായ വിധിയെന്നും തമിഴ്‌നാടും സുപ്രീം കോടതിയെ അറിയിച്ചു. റഫറൻസ് എങ്ങനെ ചോദിക്കണമെന്നതിൽ രാഷ്ട്രപതിക്ക് മേൽ പരിമിതികളില്ലെന്നും രണ്ടംഗ ബെഞ്ചിന്റെ വിധി തിരുത്താൻ സുപ്രീം കോടതിക്ക് അധികാരമുണ്ടെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ മറുപടി വാദം. ബില്ലുകളിൽ ഒപ്പിടാൻ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി നടപടി നിയമ നിർമ്മാണ സഭയുടെ അധികാരം കവർന്നെടുക്കലാണെന്നും ആയിരുന്നു കേന്ദ്രത്തിന്റെ മറുപടി. രാഷ്ട്രപതിയുടെ റഫറൻസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നാളെയും വാദം കേൾക്കും.

19-Aug-2025