ഇസ്ലാമിക രാജ്യങ്ങളില്‍ പോലും എട്ട് മണിക്കും ഏഴര മണിക്കും ക്ലാസ് തുടങ്ങുന്നു: സ്പീക്കർ ഷംസീര്‍

സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മതപണ്ഡിതര്‍ക്കെതിരെ സ്പീക്കര്‍ എ എന്‍ ഷംസീര്‍. പത്ത് മണിക്ക് മാത്രമേ മതപഠനം നടത്താവൂവെന്ന് വാശിപിടിക്കുന്നതില്‍ നിന്ന് മതപണ്ഡിതര്‍മാര്‍ പുനര്‍ വിചിന്തനം ചെയ്യണമെന്ന് ഷംസീര്‍ പറഞ്ഞു. കതിരൂര്‍ പഞ്ചായത്തിലെ പുല്യോട് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന വേളയിലാണ് സ്പീക്കറുടെ പരാമര്‍ശം.

'കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഞങ്ങള്‍ മാറണം. ഉറങ്ങിയെഴുന്നേല്‍ക്കുന്ന കുട്ടി എട്ട് മണിക്ക് ഫ്രഷ് മൂഡില്‍ പഠിക്കാന്‍ പോകുന്നു. ഉച്ചയ്ക്ക് മുമ്പായി ക്ലാസ് അവസാനിക്കുന്നു. അതിന് ശേഷം കളിക്കാന്‍ വിടൂ. അന്നേരം മതപഠനം നടത്തിക്കോട്ടെ, അല്ലാതെ പത്ത് മണി മാത്രമേ പറ്റൂവെന്ന് വാശിപിടിക്കുന്നതില്‍ നിന്ന് മതപണ്ഡിതര്‍മാര്‍ പുനര്‍ വിചിന്തനം ചെയ്യണം. ഇസ്ലാമിക രാജ്യങ്ങളില്‍ പോലും എട്ട് മണിക്കും ഏഴര മണിക്കും ക്ലാസ് തുടങ്ങുമ്പോള്‍ ഇവിടെ മാത്രം പത്ത് മണിയെന്ന് വാശി പിടിക്കുന്നതെന്തിന്. അത് ചര്‍ച്ചയ്ക്ക് വിധേയമാക്കണം', സ്പീക്കര്‍ പറഞ്ഞു.

സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വിമര്‍ശനം ചില മുസ്‌ലിം പണ്ഡിതര്‍ ഉന്നയിച്ചിരുന്നു. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് സമയം നീട്ടിയത്. സമയം വര്‍ധിപ്പിച്ചതില്‍ പുനഃരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഉത്തരവ്. ഇതിനെതിരെ സമസ്ത പ്രതിഷേധിച്ചിരുന്നു.

19-Aug-2025