കോട്ടയം, തിരുവനന്തപുരം ഡിസിസികളിലെ തർക്കത്തിൽ കുരുങ്ങി കോൺഗ്രസ് പുനഃസംഘടന വഴിമുട്ടി. പ്രസിഡന്റുമാരുടെ പേരുകൾ സംബന്ധിച്ചാണ് തർക്കം. ഡിസിസി പ്രസിഡൻ്റുമാരുടെയും കെപിസിസി ജനറൽ സെക്രട്ടറിമാരുടെയും സ്ഥാനങ്ങൾ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാൽ കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും തീരുമാനത്തിലേക്ക് പോകാൻ നേതൃത്വത്തിന് കഴിയുന്നില്ല.
ഇതേസമയം പുനഃസംഘടനയ്ക്കുള്ള ശ്രമം നേതൃത്വം ഉപേക്ഷിച്ചിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ എത്രയും വേഗം പുനഃസംഘടന നടത്താനാണ് ശ്രമം. കോട്ടയത്ത് ഫിൽസൺ മാത്യൂസ്, ബിജു പുന്നത്താനം, ഫിലിപ്പ് ജോസഫ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഡിസിസിമുൻ പ്രസിഡന്റ് ജോഷിയുടെ പേരും ചർച്ചയിലുയർന്നു. വിഡി സതീശനടക്കമുള്ള ഒരു വിഭാഗത്തിന് ഫിൽസണിൻ്റെ പേരിനോടാണ് താത്പര്യം. എന്നാൽ, ഈ പേരിൽ ഏകാഭിപ്രായമില്ല. തർക്കം മുറുകിയാൽ നിലവിലുള്ള പ്രസിഡന്റ് നാട്ടകം സുരേഷ് തന്നെ തുടരട്ടെയെന്ന നിർദേശവും ഉയരുന്നുണ്ട്.
തിരുവനന്തപുരത്ത് പാലോട് രവി ഒഴിവായ സ്ഥാനത്ത് എൻ ശക്തനെ താത്കാലികമായി നിയമിച്ചിരുന്നു. ചെമ്പഴന്തി അനിലിന്റെ പേരാണ് പ്രധാനമായും പരിഗണനയിലുള്ളത്. കോട്ടയത്തിന് സമാനമാണ് ഇവിടെയും സ്ഥിതി. അനിലിൻ്റെ പേരിൽ സമവായമായിട്ടില്ല. ശക്തൻ തുടരട്ടെയെന്ന നിലപാടാണ് ജില്ലയിൽനിന്നുള്ള എംപിമാരായ ശശി തരൂരും അടൂർ പ്രകാശുമെടുത്തത്. ശരത്ചന്ദ്രപ്രസാദിൻ്റെ പേരും സജീവ പരിഗണയിലുണ്ട്.