യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെയാണ് രാജി. കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാൻ രാഹുലിന് ഹൈക്കമാൻ്റ് നിർദ്ദേശം നൽകിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനത്ത് നിന്നും രാജിവെക്കുന്ന പശ്ചാത്തലത്തിൽ പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് രംഗത്തെത്തിയതിന് പിന്നാലെ തന്നോട് ആരും രാജി വെക്കാൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ താൻ രാജി വെച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തൻ രാജി വെക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചത്. തെറ്റ് ചെയ്തത്കൊണ്ടല്ല രാജിയെന്നും രാഹുൽ വിശദീകരണം നൽകി.


അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. യുവനടി തന്റെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ആരോപണം തനിക്കെതിരെയാണെന്ന് കരുതുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അതേസമയം ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന ഓഡിയോ പുറത്ത് വന്നതിലും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആരോപണം ഉന്നയിച്ചവർ പരാതിയുമായി വരട്ടെ. താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കിൽ പരാതിയുമായി വരട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

21-Aug-2025