ഓണം രാജ്യത്തിന് മാതൃക: മന്ത്രി എം.ബി രാജേഷ്

ചവിട്ടി താഴ്ത്തലുകളെ അതിജീവിക്കുന്നതിൻ്റെയും അതിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നതിൻ്റെയും ആഘോഷമാണ് ഓണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തൃപ്പൂണിത്തുറയിൽ അത്തം 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മറിച്ച് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം മലയാളികൾ തള്ളിക്കളഞ്ഞു എന്നത് അഭിമാനത്തോടെ ഓർക്കേണ്ടതാണ്. തുല്യതയുടെയും സമത്വത്തിന്റെയും സന്ദേശമാണ് ഓണം നൽകുന്നത്. എത്ര ചവിട്ടി താഴ്ത്തിയാലും സമത്വ ദർശനം ഏത് പാതാളത്തിൽ നിന്നും ഉയർത്തെ ഴുന്നേൽക്കുമെന്ന ആശയമാണ് ഓണം മുന്നോട്ടു വയ്ക്കുന്നത്. ഒരുതരത്തിലുള്ള വ്യത്യാസവുമില്ലാതെ മനുഷ്യരെ മുഴുവൻ ഒന്നായി കാണുന്ന മറ്റൊരു ആഘോഷം ഇന്ത്യയിൽ മറ്റൊരിടത്തുമില്ല എന്നതും നമുക്ക് അഭിമാനിക്കാനുള്ള കാര്യമാണ്. പ്ലാസ്റ്റിക്കിനെ പൂർണമായും ഒഴിവാക്കി ഹരിത ചട്ടങ്ങൾ പാലിച്ച് വേണം ഓണാഘോഷങ്ങൾ നടത്താനെന്നും മന്ത്രി കൂട്ടി ചേർത്തു.

തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അത്തപതാക ഉയർത്തി. സമത്വത്തിൻ്റെ വരവ് വിളിച്ചറിയിക്കുന്ന ആഘോഷമാണ് ഓണമെന്നും ഓണം സമൃദ്ധിയായി ആഘോഷിക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ. ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു. അത്തച്ചമയം ഘോഷയാത്ര പ്രശസ്ത സിനിമാ താരം ജയറാം ഫ്ലാഗ് ഓഫ് ചെയ്തു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, അനൂപ് ജേക്കബ് എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിനിമാതാരം രമേശ് പിഷാരടി തുടങ്ങിയവർ മുഖ്യാതിഥികളായി. തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമ സന്തോഷ്, ഉപാധ്യക്ഷൻ കെ.കെ പ്രദീപ് കുമാർ, മുനിസിപ്പൽ സെക്രട്ടറി പി.കെ സുഭാഷ്, അത്താഘോഷ കമ്മിറ്റി ജനറൽ കൺവീനർ പി.ബി സതീശൻ, ജനപ്രതിനിധികൾ, സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ - മത നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

26-Aug-2025