എന്തെങ്കിലും ഒക്കെ വിളിച്ചുപറയുന്നയാളായി പ്രതിപക്ഷനേതാവ് മാറി: മുഖ്യമന്ത്രി
അഡ്മിൻ
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല, ഗർഭം ധരിച്ച സ്ത്രീയെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും അത് ക്രിമിനൽ രീതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നാണ് പൊതു വികാരമാണെന്നും ഇത് താൻ അഭിപ്രായം പറയേണ്ട കാര്യമല്ല സമൂഹം പറയേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില കാര്യങ്ങളൊക്കെ പലരെ കുറിച്ചും കേട്ടിട്ടുണ്ടെങ്കിലും ഇത്രയും അധികം വിമർശനം ഉണ്ടായ സംഭവം കേട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ വരുമ്പോൾ ശക്തമായ നിലപാട് എടുത്ത് പോകണം.
ഇവിടെ എല്ലാം താൽപര്യങ്ങൾ വെച്ചാണ് നോക്കുന്നത്. പ്രതിപക്ഷനേതാവിന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടത്. അദ്ദേഹത്തിൻറെ പ്രതികരണം സമൂഹം നല്ലതുപോലെ ശ്രദ്ധിക്കുമെന്നും എന്തെങ്കിലും ഒക്കെ വിളിച്ചുപറയുന്നയാളായി പ്രതിപക്ഷനേതാവ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിനകത്ത് പല അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് അവരിൽ ചിലർ തന്നെ അഭിപ്രായം പ്രകടിപ്പിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ പൊതു ധാർമികത നഷ്ടപ്പെട്ടു പോകുന്ന മനോവ്യഥയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തനത്തിന് ഒരു മാന്യത ഉണ്ട്. അതൊക്കെ നഷ്ടമാകുമെന്ന ആശങ്ക കോൺഗ്രസ് നേതാക്കളിൽ ചിലർ തന്നെ പ്രകടിപ്പിച്ചു. സതീശൻ അവരെ സംരക്ഷിക്കരുത്. ആരോപണം ഉയർന്നയാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് പ്രതിപക്ഷ നേതാവിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാട്ടില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.