കേരളത്തിൽ കനത്ത മഴ തുടരുന്നു; നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇതേ തുടർന്ന് വിവിധയിടങ്ങളിൽ നദികളിൽ ജലനിരപ്പുയരുന്നതായി റിപ്പോർട്ടുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ചില നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാകണമെന്നും അധികൃതർ നിർദേശിച്ചു.

Also Read: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ മഴയ്ക്കും കാറ്റിനും സാധ്യത

പ്രളയ സാധ്യത മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

കാസർകോട്: നീലേശ്വരം (ചയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ)

യെല്ലോ അലർട്ട്

കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കുപ്പം (മങ്കര റിവർ സ്റ്റേഷൻ)

കാസർകോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ഷിറിയ (പുത്തുഗെ സ്റ്റേഷൻ)

ഛത്തീസ്ഗഡിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28-29 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

29-Aug-2025