കണ്ണപുരത്തെ വാടക വീട്ടിലുണ്ടായ സ്‌ഫോടനം; കേസെടുത്ത് പൊലീസ്

കണ്ണൂർ കണ്ണപുരത്തുണ്ടായ സ്‌ഫോടനത്തിൽ കേസെടുത്ത് പൊലീസ്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. അനൂപ് മാലിക് എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളാണ് വീട് വാടകയ്ക്കെടുത്തത്.

2016-ൽ നടന്ന പൊടിക്കുണ്ട് സ്ഫോടനക്കേസിലെ പ്രതിയാണിയാൾ. അനൂപിനെതിരെ മുമ്പും കേസുള്ളതായാണ് പുറത്തുവരുന്ന വിവരം. മരിച്ച ആളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പ്രതികരിച്ചു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവമുണ്ടായത്. കീഴറയിലെ റിട്ട. അധ്യാപകൻറെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്‌ഫോടനം നടന്നത്. എന്നാൽ കൊല്ലപ്പെട്ടത് ആരാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ട്. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്‌പെയർ പാർട്‌സ് കട നടത്തുന്നവരാണ് ഇവരെന്നും സൂചനയുണ്ട്.

30-Aug-2025