ശിവഗിരി മനുഷ്യ മനസാക്ഷിയുടെ ധാർമിക സർവ്വകലാശാല: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

മനുഷ്യ മനസാക്ഷിയുടെ ധാർമിക സർവ്വകലാശാലയാണ് ശിവഗിരിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആഗോളതലത്തിൽ നൈതികത ഇല്ലാതാവുകയും അധികരത്തിനായി മതം ആയുധമാക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിൽ യഥാർത്ഥ ആധ്യാത്മികത സമത്വത്തിലും യുക്തിചിന്തയിലുമാണെന്ന് ശിവഗിരി ഓർമ്മിപ്പിക്കുന്നു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന മഹാസമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ കണ്ട ഏറ്റവും വലിയ ദാർശനികരിൽ ഒരാളാണ് ശ്രീനാരായണ ഗുരുദേവൻ. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന വിപ്ലവാത്മകമായ സത്യം ഗുരു ആവിഷ്‌കരിച്ചു. മേൽക്കോയ്മയ്ക്കും സാമൂഹികമായ പുറന്തള്ളലിനുമെതിരെയുള്ള ശക്തമായ രാഷ്ട്രീയ വെല്ലുവിളിയായിരുന്നു അത്. ഗുരുദേവന്റെ ഈ ദർശനം കന്നഡ കവി കുവെമ്പുവിന്റെ 'വിശ്വമാനവ' എന്ന ആശയത്തിന് തുല്യമാണ്.

അറിവ് നിഷേധിക്കുന്നതിലൂടെയാണ് ജാതി വ്യവസ്ഥ നിലനിൽക്കുന്നതെന്ന് മനസ്സിലാക്കിയ ഗുരു, വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്തു. ഘടനാപരമായ അസമത്വത്തെ ഇല്ലാതാക്കാൻ വിദ്യാഭ്യാസമാണ് ഏറ്റവും നല്ല ഉപകരണം എന്നും പഠിപ്പിച്ചു. ക്ഷേത്രങ്ങൾക്ക് പകരം വിദ്യാലയങ്ങൾക്കും വ്യവസായങ്ങൾക്കും പ്രാധാന്യം നൽകി. വിഗ്രഹത്തിന് പകരം കണ്ണാടി പ്രതിഷ്ഠിച്ചതിലൂടെ ഓരോ മനുഷ്യനിലും ദൈവികതയുണ്ടെന്ന സന്ദേശമാണ് ഗുരു നൽകിയത്.

ഗുരുദേവന്റെ ആശയങ്ങൾ മഹാത്മാഗാന്ധിയെയും രവീന്ദ്രനാഥ ടാഗോറിനെയും സ്വാധീനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജാതി എന്നത് സാംസ്‌കാരിക വൈവിധ്യമല്ല, മറിച്ച് സുസ്ഥാപിതമായ അനീതിയാണെന്ന് ഗാന്ധിജിക്ക് ബോധ്യപ്പെടാൻ ഗുരുവുമായുള്ള സംവാദം കാരണമായി. കർണാടകയിലെ ബസവണ്ണയുടെ 'കായക' (തൊഴിലിന്റെ മഹത്വം) എന്ന ആശയത്തോട് ഗുരുവിന്റെ ദർശനങ്ങൾക്ക് വലിയ സാമ്യമുണ്ട്.

കർണാടക സർക്കാർ ഗുരുദേവന്റെ ദർശനങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്നും ജന്മം ഒരാളുടെ വിധി തീരുമാനിക്കരുത് എന്ന ഗുരുവിന്റെ വിശ്വാസത്തിൽ ഊന്നിയുള്ള ഭരണമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിൽ ശിവഗിരി മഠവും അനുബന്ധ സ്ഥാപങ്ങളും സ്ഥാപിക്കാനായി സ്ഥലം അനുവദിക്കുകയും ചെയ്തു. 2014-ൽ കർണാടകയിൽ നാരായണ ഗുരു ജയന്തി ആഘോഷമായി പ്രഖ്യാപിച്ചു. ഗുരുവിന്റെ കൃതികൾ കന്നഡയിലേക്ക് വിവർത്തനം ചെയ്യുകയും മംഗളൂരു സർവ്വകലാശാലയിൽ ഗുരുവിന്റെ പേരിൽ അധ്യയന പീഠം സ്ഥാപിക്കുകയും ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ വിദ്വേഷത്തിനെതിരായി സംസാരിക്കാൻ ഗുരുദർശനം വ്യാപകമായി പ്രചരിപ്പിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

31-Dec-2025