ആദ്യം പോറ്റിയെ കേറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിൽ: മുഖ്യമന്ത്രി

ശബരിമല സ്വർണക്കള്ളക്കടത്ത് കേസിലെ എസ്‌ഐടി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. അന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് നടക്കുന്നതെന്നും, നീതിപൂർവവും കൃത്യവുമായ അന്വേഷണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അന്വേഷണത്തിൽ ഒരു തരത്തിലുള്ള ഇടപെടലും നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐടി അന്വേഷണം തന്നെ സർക്കാർ നിർദേശിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, സ്ഥിരമായി ആക്ഷേപം ഉന്നയിക്കുന്നവർക്ക് മറുപടി പറഞ്ഞതുകൊണ്ട് ആരോപണങ്ങൾ അവസാനിക്കില്ലെന്നും പറഞ്ഞു. ചില കാര്യങ്ങളിൽ മറുപടി പറയാൻ കഴിയാതെ വരുമ്പോൾ ‘എന്നാൽ ഇരിക്കട്ടെ’ എന്ന നിലപാടാണ് ചിലർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

അടൂർ പ്രകാശിന്റെ പേര് വിവാദത്തിലായത് ഒരു ചിത്രം പുറത്തുവന്നതോടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോറ്റി സോണിയ ഗാന്ധിയുടെ കൂടെ നിന്ന ചിത്രം ആദ്യം പുറത്തുവന്നെന്നും , ആ ചിത്രം സോണിയ ഗാന്ധിയുടെ വീട്ടിൽ നിന്നതാണെന്നും അദ്ദേഹം ആരോപിച്ചു. പോറ്റിയും മറ്റ് പ്രതികളും എംപിമാരും ഒരുമിച്ച് എത്തിയതെങ്ങനെയാണെന്നും, പോറ്റി വിളിച്ചാൽ പോകേണ്ട ആളുകളാണോ ഇവരെന്നും മുഖ്യമന്ത്രി ചോദിച്ചു.

സോണിയ ഗാന്ധിയോടൊപ്പം നിന്നത് പോറ്റിയും ഒരു സ്വർണവ്യാപാരിയുമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ഇത്തരത്തിലുള്ള വലിയ തട്ടിപ്പുകാർക്ക് എങ്ങനെ സോണിയ ഗാന്ധിയിലേക്കുള്ള പ്രവേശനം ലഭിച്ചുവെന്നും അതിൽ ബന്ധപ്പെട്ടവരുടെ പങ്ക് എന്താണെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. ഒന്നും പറയാനില്ലാത്തപ്പോൾ കൊഞ്ഞനം കുത്തുന്ന പരിപാടിയാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

01-Jan-2026