സേവ് കോൺഗ്രസ് എന്ന പേരിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകൾ
അഡ്മിൻ
കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ വീണ്ടും പോസ്റ്റർ. നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുല്ലപ്പള്ളി രാമചന്ദ്രന് ഇനിയും അധികാരക്കൊതി മാറിയില്ലേയെന്നാണ് വിമർശനം. മുല്ലപ്പള്ളി നാദാപുരത്ത് മത്സരിച്ചേക്കും എന്ന വാർത്ത പുറത്ത് വന്നതോടെ യു.ഡി.എഫ് അണികളിലും സാമൂഹ്യ മാധ്യമങ്ങളിലും വൻ പ്രധിഷേധമാണ് ഉയരുന്നത്.
മണ്ഡലത്തിലെ വാണിമേൽ, വളയം, പാറക്കടവ്, തൂണേരി, കല്ലാച്ചി, നാദാപുരം ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കിൽ നിലം തൊടാതെ തോൽപ്പിച്ചിരിക്കും, തീർച്ച’ എന്നാണ് പോസ്റ്ററിൽ പറയുന്നത്. നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടെന്നും പോസ്റ്ററിൽ പറയുന്നു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘7ഏഴ് തവണ എംപി, 2 തവണ കേന്ദ്രമന്ത്രി, കെപിസിസി പ്രസിഡന്റ്, എഐസിസി സെക്രട്ടറി. ഇനിയും അധികാരക്കൊതി തീർന്നില്ലേ’ എന്നും പോസ്റ്ററിൽ വിമർശനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കം സജീവമാക്കുന്നതിനിടെ അഴിയൂരിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കഴിഞ്ഞദിവസം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മുല്ലപ്പള്ളി ഇനി വിശ്രമജീവിതം നയിക്കട്ടെയെന്നാണ് സേവ് കോൺഗ്രസിന്റെ പേരിലുള്ള പോസ്റ്ററിലുള്ളത്. ഇതിന് പിന്നാലെയാണ് നാദാപുരത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.