വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന ശുപാർശയുമായി വിജിലൻസ്. ‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് ഫണ്ട് സമാഹരിച്ചതിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ശുപാർശ ഉൾപ്പെടുത്തിയ റിപ്പോർട്ട് വിജിലൻസ് മുഖ്യമന്ത്രിക്ക് കൈമാറി.

എഫ്‌സിആർഎ നിയമ ലംഘനങ്ങൾ, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിന്റെ അനുമതി നേടി വിദേശത്ത് പോയ ശേഷം ഫണ്ട് ശേഖരിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് കൈമാറിയതിലെ നിയമവിരുദ്ധതകളും ചൂണ്ടിക്കാട്ടിയാണ് വിജിലൻസിന്റെ നടപടി. എഫ്‌സിആർഎ നിയമം, 2010 ലെ സെക്ഷൻ 3(2)(a) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് ശുപാർശ.

അതോടൊപ്പം, കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2 ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികനെന്ന നിലയിൽ നടന്ന നിയമലംഘനത്തിൽ സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

‘മണപ്പാട്ട് ഫൗണ്ടേഷൻ’ എന്ന പേരിൽ ‘പുനർജനി’ പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ച് വിദേശത്തുനിന്ന് പണം സ്വീകരിച്ചതായാണ് കണ്ടെത്തൽ. യുകെയിൽ നിന്നുള്ള വിവിധ വ്യക്തികളിൽ നിന്ന് 22,500 പൗണ്ട് (19,95,880.44 രൂപ) സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. യുകെ ആസ്ഥാനമായ മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് (MIAT) എന്ന എൻജിഒ വഴിയാണ് ഫണ്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ അക്കൗണ്ടിലേക്ക് എത്തിച്ചത്.

യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രളയബാധിതരായ സ്ത്രീകളുടെ പുനരധിവാസത്തിനായി നെയ്ത്ത് യന്ത്രം വാങ്ങുന്നതിന് 500 പൗണ്ട് വീതം സംഭാവന നൽകണമെന്ന് വി.ഡി. സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

04-Jan-2026