കുളം കലക്കി മീൻ പിടിക്കാനാണ് കെ സി വേണുഗോപാലിന്റെ നീക്കം: എ.കെ ബാലൻ

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐ എം നേതാവ് എ കെ ബാലൻ രംഗത്തെത്തി. അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ സി വേണുഗോപാലിനെയും ബാലൻ ശക്തമായി വിമർശിച്ചു.

കുളം കലക്കി മീൻ പിടിക്കാനാണ് കെ സി വേണുഗോപാലിന്റെ നീക്കമെന്ന് ബാലൻ ആരോപിച്ചു. വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും തമ്മിലടിപ്പിച്ച്, മത്സരിക്കാതെ തന്നെ മുഖ്യമന്ത്രിയാവുകയാണ് വേണുഗോപാലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അവസാനം കെ സി വേണുഗോപാൽ എല്ലാം നശിപ്പിക്കുമെന്നും ബാലൻ വിമർശിച്ചു.

കോൺഗ്രസ് നേതാക്കൾ തമ്മിൽ തമ്മിൽ പാര വെച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുൻപേ തന്നെ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസെന്നും, യുഡിഎഫിന് 100ലധികം സീറ്റുകൾ ലഭിക്കുമെന്ന മോഹം മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നും ബാലൻ പരിഹസിച്ചു.

06-Jan-2026