ജമാഅത്തെ ഇസ്‌ലാമി ഒരു മത തീവ്രവാദ സംഘടനയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ആരോപിച്ചു. തീവ്രവാദ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലാകും എന്ന സിപിഐഎം നേതാവ് എ കെ ബാലന്റെ പരാമർശം നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് എളമരം കരീമിന്റെ കടുത്ത വിമർശനം.
കോൺഗ്രസ് ഇപ്പോൾ കടുത്ത അങ്കലാപ്പിലാണെന്നും, വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളിൽ പരാജയഭീതി അവരെ വേട്ടയാടുന്നുണ്ടെന്നും എളമരം കരീം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭാ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയും ഈ പരാജയഭീതിയുടെ പ്രതിഫലനമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മതസ്ഥാപനങ്ങളെയും വർഗീയ ശക്തികളെയും രാഷ്ട്രീയമായി ഉപയോഗിച്ച് നിലനിൽപ്പ് ഉറപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവനയെ സിപിഐഎം പിന്തുണച്ചിട്ടില്ലെന്നും ന്യായീകരിച്ചിട്ടില്ലെന്നും എളമരം കരീം വ്യക്തമാക്കി. വർഗീയതയെയും മത തീവ്രവാദത്തെയും ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും, മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനാണ് ഇടതുപക്ഷം പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമങ്ങളോട് ജാഗ്രത വേണമെന്നും, ഇത്തരം നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും എളമരം കരീം കൂട്ടിച്ചേർത്തു.